പാറ്റ്ന: പാര്‍ട്ടി നേതാക്കളുടെ ജാതി രേഖപ്പെടുത്തിയ പോസ്റ്ററുകളുമായി ബീഹാറില്‍ കോണ്‍ഗ്രസ് പ്രചാരണം. തലസ്ഥാന നഗരിയായ പാറ്റ്നയിലെ ഇന്‍കം ടാക്സ് ചൗഹാരയില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലാണ് കോണ്‍ഗ്രസ് നേതാക്കളുടെ ചിത്രത്തിനൊപ്പം ജാതിപ്പേരു കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. പോസ്റ്ററില്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രത്തിനു കീഴെ ബ്രാഹ്മണ സമുദായം എന്നു രേഖപ്പെടുത്തിയിട്ടുണ്ട്. ദളിത്, ഭൂമിഹാര്‍, രജപുത്രര്‍ എന്നിങ്ങനെ വിവിധ ജാതിപ്പേരുകള്‍ മുതിര്‍ന്ന നേതാക്കളുടെ ചിത്രത്തിനൊപ്പം രേഖപ്പെടുത്തിയിട്ടുണ്ട്. ശക്തി സിംഗ് ഗോഹില്‍, അല്‍പേഷ് താക്കൂര്‍ എന്നിവരടക്കമുള്ളരാണ് പോസ്റ്ററിലുള്ളത്.
തെരഞ്ഞെടുപ്പ് അടുത്തതോടെ ജാതി കാര്‍ഡ് ഇറക്കി വോട്ടു പിടിക്കാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രത്തിന്റെ ഭാഗമായാണ് പുതിയ പോസ്റ്റര്‍ എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പക്ഷം. എന്നാല്‍ ഇത്രയും നെറികെട്ട രാഷ്ട്രീയ പ്രചരണം ഇതാദ്യമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ പോസ്റ്റര്‍ ചര്‍ച്ചയായതോടെ, തങ്ങള്‍ എല്ലാ ജാതി മതസ്ഥരുടെയും പ്രാതിനിധ്യം ഉറപ്പാക്കുന്ന സംഘടനയാണെന്ന സന്ദേശം നല്‍കാനാണ് കോണ്‍ഗ്രസ് കിണഞ്ഞു ശ്രമിക്കുന്നതെന്നാണ് വിലയിരുത്തല്‍.
ന്യൂനപക്ഷ ഭൂരിപക്ഷ വോട്ടു ബാങ്കുകളെ സ്വാധീനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാടകം കളിക്കുകയാണെന്ന പരിഹാസം ശക്തമായതിനിടെയാണ് ബിഹാറില്‍ രാഹുലിന്റെ ജാതി പോസ്റ്ററില്‍ രേഖപ്പെടുത്തിയുള്ള പ്രചരണം. കഴിഞ്ഞ വര്‍ഷത്തെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിനോടും ഈ വര്‍ഷത്തെ കര്‍ണാടക തെരഞ്ഞെടുപ്പിനോടും അനുബന്ധിച്ച് രാഹുല്‍ ക്ഷേത്ര സന്ദര്‍ശനങ്ങള്‍ നടത്തിയതും ചര്‍ച്ചയായിരുന്നു. പിന്നാലെ മനാസസരോവര് സന്ദര്‍ശിച്ചതും, താന്‍ ശിവഭക്തനാണെന്ന് രാഹുല്‍ പ്രഖ്യാപിച്ചതും ഹിന്ദു പ്രീണനത്തിന്റെ ഭാഗമായാണെന്ന ആക്ഷേപം ഉയര്‍ന്നു.
Discussion about this post