രാജ്യത്ത് ഇന്ധന വില കൂടിയതില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന പ്രതിഷേധം കാപട്യമാണെന്ന് ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ആഗോള തലത്തില്‍ ക്രൂഡ് ഓയിലിന് വില കൂടിയത് ഇന്ത്യയില്‍ സര്‍ക്കാരിന് പല വെല്ലുവിളികളും ഉയര്‍ത്തിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രൂഡ് ഓയിലിന്റെ വിലക്കയറ്റം പ്രതിപക്ഷ നേതാക്കള്‍ ട്വീറ്റുകള്‍ ഇട്ടത് കൊണ്ടോ ടി.വിയില്‍ വന്ന് പ്രസംഗിച്ചത് കൊണ്ടോ കുറയാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ നേരിടുന്നത് ഒരു ഗുരുതര വിഷയമാണെന്നും ക്രൂഡ് ഓയില്‍ നിര്‍മ്മിക്കുന്ന രാജ്യങ്ങള്‍ അവരുടെ ഉത്പാദനത്തിന്റെ അളവ് കുറച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് മൂലം ആവശ്യത്തിന് വേണ്ട ഇന്ധനം ലഭിക്കാത്ത ഒരവസ്ഥയാണ് നിലനില്‍ക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. വെനെസുവേലയിലെയും ലിബിയയിലെയും രാഷ്ട്രീയ പ്രശ്നങ്ങള്‍ അവിടുങ്ങളിലെ ക്രൂഡ് ഓയില്‍ ഉത്പാദനത്തിനെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇത് കൂടാതെ ഇറാനില്‍ യു.എസ് ചെലുത്തുന്ന സമ്മര്‍ദ്ദവും ക്രൂഡ് ഓയിലിന്റെ ലഭ്യതയെ ബാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം ബി.ജെ.പി ഇതര സംസ്ഥാനങ്ങള്‍ ഇന്ധനത്തിന്മേലുള്ള നികുതി കുറയ്ക്കാന്‍ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ധന വിലയ്ക്ക് മേലുള്ള നികുതിയുടെ 70 ശതമാനം ലഭിക്കുന്നത് സംസ്ഥാനങ്ങള്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/notes/arun-jaitley/the-oil-prices-and-the-hypocrisy-of-the-opposition/889661081222441/
Discussion about this post