തിരുവനന്തപുരം : ശബരിമല ഉള്‍പ്പെടെ ഒരു ക്ഷേത്രത്തില്‍നിന്നുള്ള പണവും സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വിശ്വാസികളെ വര്‍ഗീയതയുടെ കൊടിക്കീഴില്‍ കൊണ്ടുവരാനുള്ള നുണപ്രചാരണമാണ് ചിലര്‍ തുടരുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം 70 കോടി രൂപ സംസ്ഥാന ഖജനാവില്‍നിന്ന് ക്ഷേത്രങ്ങള്‍ക്കായി നല്‍കിയെന്നും ദേവസ്വം മന്ത്രി വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രതിവര്‍ഷം നല്‍കുന്ന 80 ലക്ഷം രൂപയ്ക്കു പുറമെ ശബരിമല തീര്‍ഥാടനത്തിന് ചെലവഴിക്കുന്ന തുക ഉള്‍പ്പെടെ 35 കോടി രൂപയാണ് കഴിഞ്ഞവര്‍ഷം മാത്രം നല്‍കിയതെന്നും മന്ത്രി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
റോഡ് നിര്‍മാണം, ഗതാഗതസൗകര്യങ്ങള്‍, ജലവിതരണം, ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം എന്നിവയ്ക്കും മറ്റുമായി അതത് വകുപ്പുകള്‍ മുടക്കുന്ന തുക ഇതിനും പുറമെയാണ്. ശബരിമല ഇടത്താവള സമുച്ചയ നിര്‍മാണത്തിനായി ഈവര്‍ഷം 150 കോടി രൂപ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. നടപ്പുവര്‍ഷം മാത്രം 210 കോടിയോളം രൂപയാണ് ശബരിമലയിലേത് ഉള്‍പ്പെടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് ചെലവഴിക്കേണ്ടിവരുന്നതെന്ന് മന്ത്രി പറഞ്ഞു.
ദേവസ്വം ബോര്‍ഡുകള്‍ക്കു കീഴില്‍ വരാത്ത തിരുവനന്തപുരം ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന് പ്രതിവര്‍ഷം 20 ലക്ഷം രൂപ നല്‍കുന്നതിനൊപ്പം മിത്രാനന്ദപുരം കുളം നവീകരണത്തിന് ഒരു കോടി രൂപയും വിദഗ്ധസമിതി പ്രവര്‍ത്തനത്തിന് അഞ്ചു ലക്ഷം രൂപയും ചെലവഴിച്ചു.
ഇതിനിടെ ഹിന്ദുക്ഷേത്രങ്ങള്‍ക്ക് ഇത്രയും തുക അനുവദിക്കുന്നത് വലിയ വിവേചനമല്ലേ എന്ന പരിഹാസവുമായി വിമര്‍ശകരും രംഗത്തെത്തി. എല്ലാ മതക്കാര്‍ക്കും അവകാശപ്പെട്ട തുകയിങ്ങനെ ഹിന്ദുക്കള്‍ക്കായി നല്‍കണോ, ക്ഷേത്രവും വിശ്വാസവും അവരവര്‍ക്ക് വിട്ടുകൊടുത്ത് ഈ ബാധ്യതയങ്ങ് ഒഴിവാക്കരുതോ എന്നിങ്ങനെയാണ് ചിലരുടെ ചോദ്യം. ദേവസ്വം ബോര്‍ഡുകള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട ഹര്‍ജിയില്‍ സുപ്രിം കോടതി സര്‍ക്കാരിന് നോട്ടിസ് അയച്ചിട്ടുണ്ട്. വലിയ ബാധ്യതയായ ക്ഷേത്രഭരണം അങ്ങ് വിശ്വാസികള്‍ക്ക് വിട്ടുകൊടുത്ത് ജനക്ഷേപദ്ധതികളില്‍ മുഴുകു സഖാവെ എന്നും ചിലര്‍ പരിഹസിക്കുന്നു.
Discussion about this post