ഇതുവരെ നടന്ന സാമ്പിള്‍ പരിശോധനയില്‍ മാഗി ന്യൂഡില്‍സിനെതിരായ റിപ്പോര്‍ട്ടു ലഭിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍. പല ബാച്ചുകളായാണ് ന്യൂഡില്‍സിന്റെ ഉത്പാദനം നടക്കുന്നതെന്നും അതിനാല്‍ പല ബാച്ചുകളായി പുറത്തിറങ്ങിയ ന്യൂഡില്‍സ് പാക്കറ്റുകള്‍ പരിശോധിച്ചു വരികയാണെന്നും മഹാരാഷ്ട്ര ഭക്ഷ്യമന്ത്രി ഗിരീഷ് ബാപത് അറിയിച്ചു. പരിശോധനയില്‍ വിപരീത ഫലം ലഭിച്ചാല്‍ നെസ്ലെ കമ്പനിക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗോവയില്‍ നടത്തിയ പരിശോധനകളിലും വിപരീത റിപ്പോര്‍ട്ടുകള്‍ ഉണ്ടായില്ല. ഭക്ഷ്യ നിയമത്തിനെതിരായി യാതൊന്നും പരിശോധനയില്‍ കണ്ടെത്താനായില്ലെന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ ജ്യോതി സര്‍ദേശായി പറഞ്ഞു.
കേരളത്തിലെ സാമ്പിള്‍ പരിശോധനയില്‍ അനുവദനീയമായ അളവില്‍ മാത്രമേ ലെഡിന്റെ അംശം കണ്ടെത്താനായുള്ളു എന്ന് അധികൃതര്‍ അറിയിച്ചു. എറണാകുളം മേഖലയില്‍ നിന്നുമാണ് സാമ്പിളുകള്‍ ശേഖരിച്ചത്.
നെസ്ലെ കമ്പനിയ്ക്കെതിരെ ചില കേന്ദ്രങ്ങളില്‍ നിന്ന് ആസൂത്രിത നീക്കമുണ്ടെന്ന ആരോപണം ഉയര്‍ന്നിരുന്നു. കൃത്യമായ പരിശോധന ഫലങ്ങള്‍ വരാനിരിക്കെ മാഗിയ്ക്കെതിരെ വളരെ ശക്തമായ പ്രചരണമാണ് നടക്കുന്നതെന്ന് കമ്പനി അധികൃതര്‍ പറയുന്നു. എല്ലാ തരത്തിലുള്ള മാനദണ്ഡങ്ങളും പാലിച്ചാണ് മാഗിയുടെ നിര്‍മ്മാണമെന്നാണ് കമ്പനിയുടെ വിശദീകരണം.
യുപി സര്‍ക്കാരാണ് മാഗി ന്യൂഡില്‍സില്‍ അനുവദനീയമായതില്‍ കൂടുതല്‍ ഈയത്തിന്റെ അംശമുണ്ടെന്ന കണ്ടെത്തലുമായി രംഗത്തെത്തിയത്.
ആരോപണത്തെ തുടര്‍ന്ന് നെസ്ലെയുടെ ഓഹരി വിപണിയില്‍ ിന്ന് വന്‍ ഇടിവുണ്ടായി. വിവിധ സംസ്ഥാനങ്ങളില്‍ മാഗിന്യൂഡില്‍സിന്റെ വില്പന നിര്‍ത്തിവെച്ചതാണ് നെസ്ലെയുടെ ഓഹരി വിലയില്‍ കനത്ത ഇടിവുണ്ടാക്കിയത്. ഓഹരി വില 530 രൂപ(7.75%)യിടിഞ്ഞ് 6280 രൂപയിലെത്തി.
Discussion about this post