തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ചു ചേര്‍ത്ത ചര്‍ച്ചയില്‍ ജാതി വിവേചനമെന്ന് ആരോപണം. ബ്രാഹ്മണസഭയെ പ്രതിനിധീകരിക്കുന്ന യോഗക്ഷേമ സഭയെ മാത്രമാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ശബരിമലയുമായി നേരിട്ട് ബന്ധമുള്ള മലയരയ വിഭാഗത്തെപ്പോലും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നാണ് ആക്ഷേപം. പുലയമഹാസഭ, എസ്.എന്‍.ഡി.പി തുടങ്ങിയ സംഘടനകളെയൊന്നും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ല. ഇക്കാര്യം ഈ സംഘടനകളുടെ നേതൃത്വം സ്ഥിരീകരിച്ചിട്ടുണ്ട്.
ശബരിമല ആചാരങ്ങളുമായി നൂറ്റാണ്ടുകളായി ബന്ധപ്പെട്ടു കിടക്കുന്ന സംഘടനയാണ് തങ്ങളെന്നും എന്നാല്‍ ഇതുവരെ ദേവസ്വം ബോര്‍ഡ് ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടില്ലെന്നും മലയരയ സംഘടനയുടെ നേതാവായ സജീവന് പറയുന്നു. ചൊവ്വാഴ്ചയാണ് ശബരിമല വിധിയ്ക്കെതിരെ പ്രതിഷേധിക്കുന്നവരുമായി ദേവസ്വം ബോര്‍ഡ് ചര്‍ച്ച നടത്തുക. ഇന്നലെയാണ് ഇതിനുവേണ്ടി സംഘടനകളെ ക്ഷണിച്ചത്. ചര്‍ച്ചയ്ക്കു ക്ഷണിച്ചുള്ള ദേവസ്വം ബോര്‍ഡിന്റെ സന്ദേശം വൈകുന്നേരം അഞ്ചുമണിയോടെ തങ്ങള്‍ക്കു ലഭിച്ചെന്നാണ് യോഗക്ഷേമ സഭ പറയുന്നത്.
ദേവസ്വം വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് തന്ത്രി കുടുംബാംഗമായ രാജീവ് കണ്ഠരര് അറിയിച്ചു. യുവതി പ്രവേശനത്തിനെതിരായ നിലപാടില്‍ മാറ്റമില്ലെന്നും അദ്ദേഹം പറഞ്ഞു. യുവതി പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമായതോടെ സമവായനീക്കത്തിലേക്ക് സര്‍ക്കാരും, ദേവസ്വവും പിന്മാറിയെന്നാണ് വിലയിരുത്തല്‍. തുലാമാസ പൂജ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പതിവ് സൗകര്യങ്ങള്‍ പോലും ഏര്‍പ്പെടുത്താന്‍ ദേവസ്വത്തിന് കഴിഞ്ഞിട്ടില്ല.
Discussion about this post