ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാനാവാത്തതിന്റെ അമര്‍ഷം മൂലം തന്ത്രിക്കും പന്തളം കൊട്ടാരത്തിനും മേലെ മെക്കിട്ടു കയറുകയാണ് മുഖ്യമന്ത്രി ചെയ്തുക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .
മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നുവെന്നതിന് ശബരിമലയിലെ ആചാരങ്ങളെയും അനുഷ്ടാനങ്ങളെയും വെല്ലുവിളിക്കാന്‍ പിണറായി വിജയന് അധികാരമില്ലെന്ന് ചെന്നിത്തല പറഞ്ഞു .
പോലീസ് വേഷം ധരിപ്പിച്ച് അതീവസുരക്ഷയില്‍ കൊണ്ടുവന്ന യുവതികളെ പതിനെട്ടാം പടി കയറ്റാതെ തിരികെ കൊണ്ട് പോയതിന്റെ ഉത്തരവാദിത്വം തന്ത്രിയ്ക്കാണ് എന്നത് കൊണ്ട് തന്ത്രിക്ക് നേരെ രോഷം പ്രകടിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത് . ക്ഷേത്രകാര്യങ്ങളിലെ അവസാനവാക്ക് തന്ത്രിയാണ് . ഇക്കാര്യം കോടതിവരെ അംഗീകരിച്ചതാണ് . ക്ഷേത്ര ഭരണത്തിലും ആചാരങ്ങളിലും പരമാധികാരം തന്ത്രിക്കാണ് എന്നത് സുപ്രീം കോടതി വിധിച്ചതാണ് . ക്ഷേത്രത്തില്‍ വിഗ്രഹ പ്രതിഷ്ഠ നടത്തുന്നത് തന്ത്രിയാണ് . തന്ത്രി ദേവന്റെ പ്രിതൃസ്ഥാനീയനാണ് . മുണ്ടിന്റെ കോന്തലയില്‍ താക്കോല്‍ കേട്ടിപോവുന്ന ജോലി മാത്രമല്ല തന്ത്രിക്കെന്നു മുഖ്യമന്ത്രി മനസിലാക്കണം . ഒരു മുഖ്യമന്ത്രിയില്‍ നിന്നും തന്ത്രിമാര്‍ക്കെതിരെയുണ്ടാവാന്‍ പാടില്ലാത്ത പരാമര്‍ശമാണ് നടത്തിയതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു .
ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടികയറാനുള്ള അവകാശം പന്തളരാജാവിന് മാത്രമാണുള്ളത് . കോടികള്‍ വിലമതിക്കുന്ന തിരുവാഭരണം പന്തളം കൊട്ടാരത്തിലാണ് സൂക്ഷിക്കുന്നത് . ഇവിടെ നിന്നും തിരുവാഭരണങ്ങള്‍ ശബരിമലയില്‍ എത്തിയാല്‍ മാത്രമേ മകര സംക്രമ പൂജ നടക്കൂ . ഇത് മാറ്റണമെന്ന് മുഖ്യമന്ത്രി പറയുമോ ? ഇനിമുതല്‍ പിണറായി വിജയന്‍ പറയുമ്പോഴാണോ മകരസംക്രമപൂജ നടത്തേണ്ടത് ?
ശബരിമലയിലെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത് . എന്നാണു സുപ്രീംകോടതി വിധി സര്‍ക്കാരിന് ലഭിച്ചത് ? ദേവസ്വം ബോര്‍ഡിനു കൈമാറിയോ ? നിയമോപദേശം നേടിയോ ? ക്യാബിനറ്റില്‍ വെച്ചോ ? ഈ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി ഉത്തരം പറയണം . പാതയോരത്തെ മദ്യശാലകളുടെ കാര്യത്തില്‍ വിധിയില്‍ നടപടിയെടുക്കാന്‍ നാല്മാസമെടുത്ത മുഖ്യമന്ത്രി ശബരിമലയുടെ കാര്യത്തില്‍ എന്തിനാണ് തിടുക്കം കാണിച്ചതെന്ന് ചെന്നിത്തല ചോദിച്ചു .
ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ സ്ഥിതി പരിതാപകരമാണ് . എല്ലാ ദിവസവും മുക്കാലിയില്‍ കെട്ടി അടിക്കുകയാണ് . ഇനി ആ സ്ഥാനത്ത് നാണംകെട്ട് ഇരിക്കണമോയെന്നത് പത്മകുമാറാണ് തീരുമാനിക്കേണ്ടതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു .
Discussion about this post