വിദേശയാത്രകളുടെയും ചികിത്സാ ബില്ലുകളുടെയും കണക്കുകള്‍ ബോധിപ്പിക്കാതെ മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും. നിലവിലെ സര്‍ക്കാര്‍ പ്രാബല്യത്തില്‍ വന്നതിന് ശേഷം 15 മന്ത്രിമാര്‍ 40 വിദേശയാത്രകള്‍ നടത്തിയിരുന്നു. ഇതിന്റെ വിമാനടിക്കറ്റുകളുടെ കണക്കുകള്‍ ആകെ അഞ്ച് മന്ത്രിമാരാണ് സമര്‍പ്പിച്ചിട്ടുള്ളത്. 11 ലക്ഷം രൂപയുടെ യാത്രാ ബില്ലുകളാണ് ഇവര്‍ നല്‍കിയത്. മനോരമ ന്യൂസാണ് ഇക്കാര്യം പുറത്ത് വിട്ടിട്ടുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന് ഇതുവരെ ആറ് വിദേശയാത്രകളാണ് നടത്തിയിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണത്തിന്റെ ബില്ലുകള്‍ മാത്രമാണ് സമര്‍പ്പിച്ചിട്ടുള്ളത്. 2016ല്‍ നടത്തിയ ദുബായ് യാത്രയുടെയും ഇക്കൊല്ലെ നടത്തിയ യു.എ.ഇ സന്ദര്‍ശനത്തിന്റെയും ബില്ലുകളാണ് മുഖ്യമന്ത്രി സമര്‍പ്പിച്ചിട്ടുള്ളത്. ദുബായ് യാത്രയുടെ ടിക്കറ്റ് ഇനത്തില്‍ 93,295 രൂപയും യു.എ.ഇ യാത്രയുടെ ടിക്കറ്റ് ഇനത്തില്‍ 38,280 രൂപയുമാണ് റീഇംബേഴ്സ് ചെയ്യാനായി നല്‍കിയത്. ബാക്കിയുള്ള യാത്രകളുടെ ബില്ലുകള്‍ റീഇംബേഴ്സ് ചെയ്യാന്‍ നല്‍കിയിട്ടില്ല. ഇത് കൂടാതെ അമേരിക്കയിലെ മെയോ ക്ലിനിക്കില്‍ നടത്തിയ ചികിത്സയുടെ ബില്ലുകളും റീഇംബേഴ്സ് ചെയ്യാന്‍ നല്‍കിയിട്ടില്ല.
മന്ത്രി കെ.ടി.ജലീല്‍ 2017ല്‍ നടത്തിയ റഷ്യ യാത്രയുടെ ടിക്കറ്റ് ഇനത്തില്‍ 1,41,502 രൂപയുടെ കണക്കുകള്‍ നല്‍കിയിട്ടുണ്ട്. മന്ത്രി കെ.കെ.ശൈലജ 2017ല്‍ നടത്തിയ ലണ്ടന്‍ യാത്രയില്‍ 90,000 രൂപയുടെ ബില്ലുകളാണ് സമര്‍പ്പിച്ചിട്ടുള്ളത്. ധനമന്ത്രി തോമസ് ഐസ്ക 2016ല്‍ റോം യാത്ര നടത്തിയിരുന്നു. ഈ ഇനത്തില്‍ 78,343 രൂപ കൈപ്പറ്റിയിട്ടുമുണ്ട്. കടകംപള്ളി സുരേന്ദ്രന് 2017 നവംബറില്‍ നടത്തിയ ലണ്ടന്‍ യാത്രയുടെ 3,18,148 രൂപയുടെ ബില്ലുകളും സമര്‍പ്പിച്ചിട്ടുണ്ട്.
Discussion about this post