ആലപ്പുഴ: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വനിതാ മതിലിന്റെ ആലപ്പുഴയിലെ രക്ഷാധികാരിയായി രമേശ് ചെന്നിത്തലയെ തീരുമാനിച്ചത് വിവാദമായി. ആലപ്പുഴയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗമാണ് ചെന്നിത്തലയെ രക്ഷാധികാരിയാക്കിയത്. എന്നാല്‍ ഇതിനെതിരെ രമേശ് ചെന്നിത്തല രംഗത്തെത്തി.
തന്നോട് ആലോചിക്കാതെ പേരു വച്ചത് അപഹാസ്യമായ രാഷ്ട്രീയ ഗിമ്മിക്കും സാമാന്യ മര്യാദയുടെ ലംഘനവുമാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിഷേധം ജില്ലാ കലക്ടറെ ഫോണില്‍ വിളിച്ചറിയിച്ചിട്ടുണ്ട്. വനിതാ മതിലിനോടു തനിക്കും യുഡിഎഫിനുമുള്ള എതിര്‍പ്പ് ഇതിനകം വ്യക്തമാക്കിയിട്ടുള്ളതാണെന്നും എന്നിട്ടും തന്നെ രക്ഷാധികാരിയാക്കിയത് അപഹാസ്യമാണെന്നും ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയെ രക്ഷാധികാരിയാക്കി നിശ്ചയിച്ചു കൊണ്ടുള്ള സംഘടാക സമിതി വിവരങ്ങള്‍ വാര്‍ത്താ കുറിപ്പായി പുറത്തിറങ്ങിയിരുന്നു. വനിതാ മതില് സംരംഭത്തിന്റെ പൊള്ളത്തരവും കാപട്യവുമാണ് ഇതിലൂടെ പുറത്തു വരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
വിവാദത്തെ തുടര്‍ന്ന് രക്ഷാധികാരി സ്ഥാനത്ത് നിന്ന് ചെന്നിത്തലയെ ഒഴിവാക്കാന്‍ തീരുമാനിച്ചുവെന്നാണ് വിവരം.
Discussion about this post