മുത്തലാഖ് ബില്‍ ലോകസഭയില്‍ പാസ്സായി . ബില്ലിനെ 238 പേര് അനുകൂലിച്ചു . എതിര്‍ത്തത് 12 പേര് മാത്രം . ബില്ലിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിച്ചു കോണ്‍ഗ്രസ്, അണ്ണാ ഡി എം കെ, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികളാണ് വോട്ടെടുപ്പ് ബഹിഷ്കരിച്ചത്. മുത്തലാഖ് ബില്ലിനെതിരെ എന്‍ കെ പ്രേമചന്ദ്രന് എം പി അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ട് തള്ളി .
ബില്ലിലെ വിവിധ വ്യവസ്ഥകളിന്മേല് വോട്ടെടുപ്പ് തുടരുകയാണ് . മുത്തലാഖ് ബില്‍ പാര്‍ലമെന്റിന്റെ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ബില്ലിനെതിരേ കോണ്‍ഗ്രസ് അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു. മുത്തലാഖ് ബില്‍ സ്ത്രീശാക്തീകരണത്തെ സഹായിക്കുന്നതല്ലെന്നും അത് മുസ്ലീം പുരുഷന്മാരെ കുറ്റക്കാരാക്കുന്നതിന് മാത്രമുള്ളതാണെന്നും കോണ്‍ഗ്രസിനു വേണ്ടി സംസാരിച്ച എംപി സുശ്മിതാ ദേവ് ആരോപിച്ചു.
പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്കു മറുപടിയുമായി നിയമമന്ത്രി രവിശങ്കർ പ്രസാദ് രംഗത്തെത്തി. മുത്തലാഖ് ബിൽ ഏതെങ്കിലുമൊരു മതവിഭാഗത്തിനോ വിശ്വാസത്തിനോ എതിരല്ല. സ്ത്രീകളുടെ അവകാശവും നീതിയുമാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. 22 ഇസ്ലാമിക രാജ്യങ്ങൾ മുത്തലാഖ് നിരോധിച്ചിട്ടുണ്ട്. പിന്നെ ഇന്ത്യയെപ്പോലൊരു മതേതര രാജ്യത്തിന് എന്തുകൊണ്ടിതു സാധ്യമല്ല . സ്ത്രീകളുടെ മാന്യത നിലനിർത്തുന്നതിനായിട്ടാണു പാർലമെന്റ് എന്നും നിലകൊള്ളുന്നത്. . ഇന്ത്യയുടെ പല ഭാഗങ്ങളിൽ ഇപ്പോഴും മുത്തലാഖ് നടക്കുന്നുണ്ട്. ആരെയും വഞ്ചിക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം. രാഷ്ട്രീയത്തിന്റെ കണ്ണാടിയിലൂടെയല്ലാതെ വേണം ഇതു നോക്കിക്കാണാനെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
Discussion about this post