2019ല്‍ നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാന്‍ സി.പി.എം കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. ഉത്തര്‍പ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, ബീഹാര്‍, എന്നീ സംസ്ഥാനങ്ങളിലായിരിക്കും സഖ്യം രൂപീകരിക്കുക. അതേസമയം പശ്ചിമബംഗാളില്‍ അടവുനയം സ്വീകരിക്കാനാണ് സാധ്യത. സി.പി.എമ്മിനും ഇടതുപക്ഷത്തിനും സീറ്റുകള്‍ നേടിയെടുക്കുക, ബദല്‍ മതേതര സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിക്കുക എന്നീ ലക്ഷ്യങ്ങളെ തിരഞ്ഞെടുപ്പ് നയമായി സി.പി.എം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചിട്ടുണ്ട്.
തമിഴ്നാട്ടില്‍ കോണ്‍ഗ്രസ് കൂടി ഉള്‍പ്പെട്ട ഡി.എം.കെ സഖ്യത്തിലായിരിക്കും സി.പി.എം മത്സരിക്കുക. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യവുമായി സഹകരിക്കുന്നതായിരിക്കും. ഉത്തര്‍പ്രദേശില്‍ എസ്.പി-ബി.എസ്.പി സഖ്യത്തോട് സി.പി.എം ഒരു സീറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം ബീഹാറില്‍ ആര്.ജെ.ഡി-കോണ്‍ഗ്രസ് വിശാല സഖ്യത്തിന്റെ ഭാഗമാകാനാണ് സി.പി.എം തീരുമാനം.
മുന്‍പ് ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യങ്ങളനുസരിച്ച് കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാമെന്ന് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ധാരണയായിരുന്നു. എന്നാല്‍ പിന്നീട് ഈ വിഷയത്തില്‍ കേന്ദ്ര കമ്മിറ്റിയില്‍ ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച കരട് പ്രമേയം തള്ളിപ്പോവുകയായിരുന്നു. തുടര്‍ന്ന് ബി.ജെ.പിക്കെതിരെ ദൈശീയ തലത്തില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വിശാല സഖ്യം രൂപീകരിക്കാനുള്ള ശ്രമം നടന്നപ്പോഴാണ് കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കാമെന്ന നയവുമായി സി.പി.എം മുന്നോട്ട് വന്നത്.
Discussion about this post