ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടി ഉത്തര്‍ പ്രദേശില്‍ സമാജ്വാദി പാര്‍ട്ടിയും (എസ്.പി) ബഹുജന്‍ സമാജ് പാര്‍ട്ടിയും (ബി.എസ്.പി) സഖ്യം രൂപീകരിച്ചു. ഇരു പാര്‍ട്ടികളുടെയും പ്രസിഡന്റുമാരായ അഖിലേഷ് യാദവും മായാവതിയും സംയുക്തമായി നടത്തിയ പത്ര സമ്മേളനത്തിലാണ് തങ്ങള്‍ സഖ്യം രൂപീകരിക്കുന്നുവെന്ന വിവരം പുറത്ത് വിട്ടത്.
സമൂഹത്തില്‍ വികസനം കൊണ്ടുവരാന്‍ വേണ്ടിയാണ് സഖ്യം രൂപീകരിച്ചതെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കുന്നതിലൂടെ ഇരു പാര്‍ട്ടികള്‍ക്കും ഒരു രാഷ്ട്രീയ ലാഭവും ലഭിക്കില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. 1995ല്‍ നടന്ന് ഗസ്റ്റ് ഹൗസ് സംഭവത്തിന് ശേഷം ആദ്യമായാണ് ഇരു പാര്‍ട്ടികളും സഖ്യം രൂപീകരിക്കുന്നത്. രാജ്യത്തിന്റെ നന്മയ്ക്ക് വേണ്ടി തങ്ങള്‍ ഗസ്റ്റ് ഹൗസ് സംഭവം മറക്കുകയാണെന്നും മായാവതി പറഞ്ഞു.
ഇരു അധ്യക്ഷന്മാരും ഒന്നിച്ചിരുന്നുകൊണ്ടുള്ള പത്ര സമ്മേളനം നടത്തുമെന്ന് വെള്ളിയാഴ്ച എസ്.പിയുടെ ദേശീയ സെക്രട്ടറി രാജേന്ദ്ര ചൗധരിയും ബി.എസ്.പിയുടെ ദേശീയ ജനറല്‍ സെക്രട്ടറി എസ്.സി.മിശ്രയും അറിയിച്ചിരുന്നു. ഏകദേശം 13 ലോക്സഭാ സീറ്റുകളില്‍ ഇരു പാര്‍ട്ടികളും ധാരണയിലെത്തേണ്ടതായിട്ടുണ്ട്.
ബി.ജെ.പിയെ അധികാരത്തില്‍ എത്തുന്നതില്‍ നിന്നും തടയാനുള്ള ഏക വഴി ഉത്തര്‍ പ്രദേശിലൂടെയാണെന്നും മായാവതി പറഞ്ഞു. ബി.ജെ.പിയുടെ ജാതിപരമായ നിലപാടുകളില്‍ രാജ്യത്തെ ദളിതരും മുസ്ലീങ്ങളും അസംതൃപ്തരാണെന്നും മായാവതി ചൂണ്ടിക്കാട്ടി. ഇന്ന് നടത്തിയ പത്ര സമ്മേളനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും ഉറക്കമില്ലാത്ത രാത്രികള്‍ നല്‍കുമെന്നും മായാവതി പറഞ്ഞു.
Discussion about this post