കഴിഞ്ഞ വ്യാഴാഴ്ച കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച മുത്തലാഖ് നിരോധന ഓര്‍ഡിനന്‍സിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്കി. വിവാഹം ചെയ്തിട്ടുള്ള മുസ്ലീം വനിതകളെ മുത്തലാഖ് ചൊല്ലി എളുപ്പത്തില്‍ വിവാഹമോചനം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിനാണ് രാഷ്ട്രപതിയുടെ അംഗീകാരം.
ഓര്‍ഡിനന്‍സില്‍ മുത്തലാഖ് ചൊല്ലുന്നത് മൂന്നു വര്‍ഷം വരെ തടവ് ലഭിക്കുന്ന ശിക്ഷയായി വ്യവസ്ഥ ചെയ്തിട്ടുണ്ട്. അതേസമയം പ്രതികളാകുന്നവര്‍ക്ക് ജാമ്യം ലഭിക്കാന്‍ വേണ്ടി വിചാരണക്കോടതിയെ സമീപിക്കാമെന്നും ഓര്‍ഡിനന്‍സില്‍ പറയുന്നു. ഭാര്യയുടെ മൊഴികേട്ട ശേഷം ജാമ്യം നല്‍കണോയെന്ന് മജിസ്ട്രേറ്റിന് തീരുമാനിക്കാവുന്നതാണ്. ഭാര്യക്ക് ജീവനാംശം നല്‍കാമെന്ന് ഭര്‍ത്താവ് സമ്മതിച്ചാല്‍ മാത്രമേ ജാമ്യം നല്കാന് കഴിയൂ. ജീവനാംശത്തിന്റെ തുക എത്രയാകണമെന്ന മജിസ്ട്രേറ്റിന് തീരുമാനിക്കാവുന്നതാണ്.
മുത്തലാഖ് വിലക്കിക്കൊണ്ട് സുപ്രീം കോടതിയുടെ ഉത്തരവുണ്ടെങ്കിലും ഇപ്പോഴും പലരും മുത്തലാഖിലൂടെ വിവാഹമോചനം നടത്തുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
അതേസമയം കമ്പനീസ് അമന്‍ഡ്മെന്റ് ഓര്‍ഡിനന്‍സ് 2019, ഇന്‍ഡ്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അമന്‍ഡ്മെന്റ് ഓര്‍ഡിനന്‍സ് 2019 എന്നിവയ്ക്കും രാഷ്ട്രപതി രാം നാഥ് കോവിന്ദ് അംഗീകാരം നല്‍കിയിട്ടുണ്ട്.
Discussion about this post