ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്ന് മാതാ അമൃതാനന്ദമയി . ഓരോ ഇടങ്ങളിലെ ക്ഷേത്ര സങ്കല്‍പ്പത്തെക്കുറിച്ചും ഓരോ ക്ഷേത്ര ആചാരങ്ങളെക്കുറിച്ചും അജ്ഞതയുള്ളതാണ് ഇത്തരമൊരു പ്രശ്നത്തിന് കാരണം . ഓരോ ക്ഷേത്രങ്ങള്‍ക്കും അതിന്റേതായ പ്രതിഷ്ടാ സങ്കല്‍പ്പമുണ്ട് അതൊന്നും അവഗണിക്കുന്നത് ശരിയല്ലെന്നും അവര്‍ പറഞ്ഞു . തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിച്ച അയ്യപ്പഭക്തസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാതാ അമൃതാനന്ദമയി .
കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങള്‍ ആവശ്യമാണ് . പക്ഷെ പാരമ്പര്യമായിട്ടുള്ള ആചാരങ്ങളും അനുഷ്ടാനങ്ങളും വേണ്ടപോലെ ആചരിച്ചില്ലെങ്കില്‍ ക്ഷേത്രാന്തരീക്ഷത്തെ അത് പ്രതികൂലമായി ബാധിക്കും . എന്നാല്‍ ക്ഷേത്രങ്ങളെ മറന്നു കൊണ്ടുള്ള മാറ്റങ്ങള്‍ കൊണ്ട് വന്നാല്‍ മൂല്യങ്ങളാണ് നഷ്ടപ്പെടുന്നത് . കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കാന്‍ ഇടവരും . സംസ്കാരത്തിന്റെ തൂണുകളാണ് ക്ഷേത്രങ്ങള്‍ അതിനെ സംരക്ഷിക്കണം അല്ലെങ്കില്‍ നൂലുപൊട്ടിയ പട്ടം പോലെയാകുമെന്നും മാതാ അമൃതാനന്ദമയി ഓര്‍മിപ്പിച്ചു .
സര്‍വ്വവ്യാപിയായ ഈശ്വരന് പരിമിതികളില്ല സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല . അനന്തമായ ശക്തിയാണ് . എന്നാല്‍ ക്ഷേത്രത്തിന്റെ ശക്തിയുടെ കാര്യത്തില്‍ ഇത് വ്യത്യസ്തമാണ് . ടാങ്കിലെ മത്സ്യവും സമുദ്രത്തിലെ മത്സ്യവും തമ്മില്‍ വ്യത്യാസമുണ്ട് . ടാങ്കിലെ മത്സ്യത്തിന് ഭക്ഷണം നല്‍കണം , ഓക്സിജന്‍ നല്‍കണം എന്നാല്‍ സമുദ്രത്തിലെ മത്സ്യത്തിന് ഇത്തരം നിബന്ധനകള്‍ ഒന്നുമില്ല . അത് പോലെ തന്നെ നദിയില്‍ ഇറങ്ങി കുളിക്കുന്നതിനും നിബന്ധന ഒന്നും തന്നെയില്ല . എന്നാലോ സ്വിമ്മിംഗ് പൂളില്‍ കുളിക്കുമ്പോള്‍ വെള്ളത്തില്‍ ക്ലോറിന്‍ ഇടണം , ശുദ്ധമാക്കണം . നദിയിലെ വെള്ളം തന്നെയാണ് സ്വിമ്മിംഗ് പൂളിലും . ഈശ്വരന്റെ ഭാഗം തന്നെയാണ് ഇതും. ഇതില്‍ ശുദ്ധിയും അശുദ്ധിയും ആചാരങ്ങളും ആവശ്യമാണ് . നമ്മള്‍ ഏതു രീതിയില്‍ ഭാവിക്കുന്നുവോ അതിനു അനുസരിച്ചുള്ള ഫലം ലഭിക്കുമെന്നും അമൃതാനന്ദമയി പറഞ്ഞു .
ക്ഷേത്രത്തിന്റെ കാര്യം വരുമ്പോള്‍ ഓരോ ക്ഷേത്രദേവതയ്ക്കും യഥാസമയം പൂജ ചെയ്യണം . അത് പോലെ തന്നെ നിവെദ്യങ്ങളും സമര്‍പ്പിക്കണം . അവിടെ ആചാര അനുഷ്ടാനങ്ങള്‍ പാലിക്കണം . സര്‍വ്വ വ്യാപിയായ ഈശ്വരന് ഈ പരിമിധികള്‍ ഇല്ല . ക്ഷേത്രത്തിലെ ഓരോ ദേവതയ്ക്കും പ്രത്യേക സങ്കല്‍പ്പമുണ്ട് . രൗദ്രഭാവത്തിലെ ദേവിയുടെ സങ്കല്‍പം വേറെയാണ് അത് പോലെ തന്നെ സൗമ്യഭാവത്തിലുള്ള ദേവിയുടെ സങ്കല്പവും വ്യത്യസ്ഥത പുലര്‍ത്തുന്നു .
ക്ഷേത്രം മൈനറാണ് , ഒരു കൊച്ചുകുട്ടിയ്ക്ക് അച്ഛനും അമ്മയും അധ്യാപകനുമെന്ന പോലെ ക്ഷേത്രത്തിന് തന്ത്രിയുടെയും , പൂജാരിയുടെയും വിശ്വാസിയുടെയും ആവശ്യമുണ്ട് . ക്ഷേത്രത്തെ മലിനപ്പെടുതുന്നത് വിശ്വാസമില്ലാത്തവരാണ് .
ശബരിമല അയ്യപ്പന്‍ നൈഷ്ടിക ബ്രഹ്മചാരിയായിരുന്നു . അദ്ദേഹം സമാധിയാകുന്നതിനു മുന്‍പ് പ്രകടിപ്പിച്ചിരുന്ന ആഗ്രഹം അനുസരിച്ചാണ് ഇത്തരം വൃതസമ്പ്രദായങ്ങള്‍ നിലവില്‍ വന്നത് എന്നാണു ഭക്തസമൂഹത്തിന്റെ വിശ്വാസം . കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങള്‍ ആവശ്യമെങ്കിലും ക്ഷേത്രത്തെ മറന്നുക്കൊണ്ടുള്ള മാറ്റങ്ങള്‍ കൊണ്ടുവരുന്നത് വഴി മൂല്യങ്ങളാണ് നഷ്ടപ്പെടുന്നത് . കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കാന്‍ ഇത് ഇടയാക്കുമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു .
Discussion about this post