ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ യുവതി പ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാടെടുത്തതിനെപ്പറ്റി ദേവസ്വം കമ്മീഷണറോട് വിശദീകരണം ചോദിച്ചിട്ടില്ലെന്ന് ദേവസ്വം പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. തന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. താന്‍ നവംബര്‍ വരെ പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും അതില്‍ ആര്‍ക്കും യാതൊരു സംശയവും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുപ്രീം കോടതിയില്‍ യുവതി പ്രവേശനത്തെ അനുകൂലിച്ചുകൊണ്ട് ദേവസ്വം ബോര്‍ഡ് എന്തുകൊണ്ട് നിലപാടെടുത്തുവെന്ന് തനിക്ക് മനസ്സിലായില്ലെന്ന് പത്മകുമാര്‍ പറഞ്ഞിരുന്നു. ഇതേപ്പറ്റി ദേവസ്വം കമ്മീഷണര്‍ എന്‍.വാസുവിനോട് വിശദീകരണം ചോദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം ദേവസ്വം ബോര്‍ഡിന് വേണ്ടി 739 കോടി രൂപ അനുവദിച്ച സര്‍ക്കാരിന്റെ ഒപ്പമാണ് ദേവസ്വം ബോര്‍ഡ് നില്‍ക്കുന്നതെന്നും പത്മകുമാര്‍ പറഞ്ഞു.
പത്മകുമാറിന്റെ പ്രസ്താവന മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഭിപ്രായപ്പെട്ടു. പത്മകുമാറിന് യാതൊരു വിധത്തിലുള്ള തെറ്റിദ്ധാരണയുമില്ലെന്ന് കോടിയേരി പറഞ്ഞു.
ദേവസ്വം ബോര്‍ഡ് നല്കിയ സാവകാശ ഹര്‍ജിയുടെ പ്രസക്തി മണ്ഡലകാലം കഴിഞ്ഞതോടെ ഇല്ലാതായെന്നും കോടിയേരി പറഞ്ഞു. ഹര്‍ജിയില്‍ തന്നെ വിധി അംഗീകരിക്കുന്നുവെന്ന് പറഞ്ഞിട്ടുണ്ടെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
Discussion about this post