ഫെബ്രുവരി 24നു ജമ്മുക്കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനകളുമായി നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മൂന്ന് ജയ്ഷ് എ മുഹമ്മദ് ഭീകരവാദികളിൽ രണ്ടുപേർ പാക്കിസ്ഥാനികളായിരുന്നു എന്ന് വ്യക്തമായ തെളിവുകളോടെ ജമ്മു കാശ്മീർ പോലീസ് അറിയിച്ചു.
ജയ്ഷ് എ മുഹമ്മദ് ഭീകരവാദികളെ സംരക്ഷിയ്ക്കുന്നത് പാകിസ്ഥാനാണ് എന്ന ശക്തമായ തെളിവുകളോടെ ലോകരാഷ്ട്രങ്ങൾ മുഴുവൻ വിരൽചൂണ്ടിയപ്പോൾ പുൽവാമ ഭീകരാക്രമണത്തിന്റെ ഗൂഢാലോചന പാകിസ്ഥാനിലല്ല ചെയ്തത് എന്ന് കപടപ്രചരണങ്ങൾ അഴിച്ചുവിട്ട് ലോകരാഷ്ട്രങ്ങളെ ആശയക്കുഴപ്പത്തിലാക്കാൻ പാക്കിസ്ഥാൻ ശ്രമിയ്ക്കുന്നതിനിടെ തന്നെ ഇതുപോലെ വ്യക്തമായ തെളിവുകൾ ലഭിച്ചത് അന്താരാഷ്ട്രതലത്തിൽ പാകിസ്ഥാനു വലിയ തിരിച്ചടിയായിട്ടുണ്ട്.
റാക്വിബ് അഹമ്മദ് ഷേഖ് എന്ന കുൽഗാമിൽ ജീവിയ്ക്കുന്നയാളും വാലിദ്, നൂമാൻ എന്നീ പാക്കിസ്ഥാനികളുമാണ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. വാലിദും നൂമാനും ജയ്ഷ് എ മുഹമ്മദിന്റെ വലിയ നേതാക്കന്മാർ ആയിരുന്നെന്നും തെക്കൻ കാശ്മീർ താഴ്വരയുടെ ചുമതലയുള്ള ഭീകരർ ആയിരുന്നെന്നും പോലീസ് അറിയിച്ചു.
സീആർപീഎഫ്, രാഷ്ട്രീയ റൈഫിൾസ്, ജമ്മു കാശ്മീർ പോലീസ് എന്നിവരുടെ സംയുക്ത ആക്രമണത്തിലാണ് ഈ ഭീകരവാദികൾ കൊല്ലപ്പെട്ടത്.
അനേകം ആയുധങ്ങളും സ്ഫോടകവസ്തുക്കളും രേഖകളും കണ്ടെത്തിയതായും അവയെല്ലാം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിയ്ക്കുകയാണെന്നും പോലീസ് അറിയിച്ചു., ജമ്മു കാശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് അമാൻ കുമാർ ഠാക്കൂർ, രാഷ്ട്രീയറൈഫിൾസിൽ ജവാനായ ഹവീൽദാർ സോംബേർ എന്നിവർ ഈ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചു.
തലയിൽ വെടിയേറ്റ കുൽഗാം ഡീവൈഎസ്പീ താക്കൂർ സംഭവസ്ഥലത്തും പരിക്കുകളോടെ ആശുപത്രിയിലാക്കിയ ഹവീൽദാർ സോംബേർ അവിടെ വച്ചുമാണ് ജീവൻ വെടിഞ്ഞത്.
Discussion about this post