ഡിജിപി ജേക്കബ് തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകാന്‍ ഇടയില്ല. വിജിലന്‍സ് കേസും സസ്‌പെന്‍ഷനും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കേന്ദ്രവും സംസ്ഥാനവും കനിഞ്ഞാലേ ജേക്കബ് തോമസിന് മല്‍സരിക്കാനാകൂ. അഖിലേന്ത്യാ സര്‍വീസ് ചട്ടം അനുസരിച്ച് ഒരുദ്യോഗസ്ഥന് സിവില്‍ സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കണമെങ്കില്‍ മൂന്നു മാസം മുന്പ് നോട്ടീസ് നല്‍കണം. വിരമിക്കാന്‍ ഉദ്യോഗസ്ഥനെ അനുവദിക്കണോ വേണ്ടയോ എന്നത് സര്‍ക്കാരിന്റെ വിവേചനാധികരമാണ്.സ്വയം വിരമിക്കല്‍ അപേക്ഷ നല്‍കിയെങ്കിലും കേന്ദ്ര തീരുമാനം അറിയണം
30 വര്‍ഷം സര്‍വീസോ 50 വയസിനു മുകളില്‍ പ്രായമോ ഉളള ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാം. എന്നാല്‍ അച്ചടക്ക നടപടിക നേരിടുന്നവരാണെങ്കില്‍ സ്വയം വിരമിക്കലിന് കേന്ദ്രാനുമതി ആവശ്യമാണ്. ജേക്കബ് തോമസ് നിലവില്‍ സസ്‌പെന്‍ഷനിലാണ്. വിജിലന്‍സ് അന്വേഷണം നേരിടുന്നുമുണ്ട്. അതിനാല്‍ തന്നെ സംസ്ഥാനം വിരമിക്കാന്‍ അനുമതി നല്‍കിയാലും കേന്ദ്രത്തില്‍ നിന്ന് കുരുക്ക് വീണേക്കും. തെരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള അവസാന തീയതി ഏപ്രില്‍ നാലാണ്. സര്‍വീസില്‍ നിന്ന് വിരമിച്ച രേഖകള്‍ കൂടി പത്രികയ്‌ക്കൊപ്പം സമര്‍പ്പിക്കേണ്ടതുമുണ്ട്.
2006ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി അല്‍ഫോണ്‍സ് കണ്ണന്താനം സ്വയം വിരമിക്കലിന് നല്‍കിയ അപേക്ഷയില്‍ സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം അനുമതി നല്‍കിയിരുന്നു. എന്നാല്‍ പുതിയ ചട്ടമനുസരിച്ച് തനിക്ക് തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ തടസമില്ലെന്നാണ് ജേക്കബ് തോമസിന്റെ വാദം. അനുമതി ലഭിക്കാത്ത പക്ഷം ജേക്കബ് തോമസ് കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
Discussion about this post