രാജ്യത്ത് ബദല്‍ മതനിരപേക്ഷ സര്‍ക്കാര്‍ ഉണ്ടായിട്ടുള്ളതു മുഴുവന്‍ തെരഞ്ഞെടുപ്പിനുശേഷമാണെന്നും, 1998 ല്‍ എന്‍ഡിഎ രൂപംകൊണ്ടതും വാജ്‌പേയി പ്രധാനമന്ത്രിയായതും തെരഞ്ഞെടുപ്പിനുശേഷമുള്ള ചര്‍ച്ചകളുടെയും കൂട്ടായ്മയുടെയും ഫലമായിരുന്നുവെന്നും സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ദേശാഭിമാനി പത്രത്തില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് പരാമര്‍ശം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വി.ബി പരമേശ്വരനാണ് അഭിമുഖം നടത്തിയിരിക്കുന്നത്.
ബദല്‍ മതനിരപേക്ഷ സര്‍ക്കാര്‍ എന്ന ആശയം യാഥാര്‍ഥ്യമാക്കാനാകുമോ? എന്ന ചോദ്യത്തിനാണ് യെച്ചൂരിയുടെ ഈ മറുപടി.
”രാജ്യത്ത് ബദല്‍ മതനിരപേക്ഷ സര്‍ക്കാര്‍ ഉണ്ടായിട്ടുള്ളതു മുഴുവന്‍ തെരഞ്ഞെടുപ്പിനുശേഷമാണ്. വെറും ഗണിതശാസ്ത്രമല്ല രാഷ്ട്രീയം. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന 1977 ലെ തെരഞ്ഞെടുപ്പില്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനതാപാര്‍ടി സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് തെരഞ്ഞെടുപ്പിനുശേഷമായിരുന്നു. 1989 ല്‍ നാഷണല്‍ ഫ്രണ്ട് രൂപംകൊണ്ടതും വി പി സിങ് പ്രധാനമന്ത്രിയായതും 1996 ല്‍ യുണൈറ്റഡ് ഫ്രണ്ട് രൂപംകൊണ്ടതും ദേവഗൗഡ പ്രധാനമന്ത്രിയായതും 1998 ല്‍ എന്‍ഡിഎ രൂപംകൊണ്ടതും വാജ്‌പേയി പ്രധാനമന്ത്രിയായതും 2004 യുപിഎ രൂപംകൊണ്ടതും മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയായതും തെരഞ്ഞെടുപ്പിനുശേഷമുള്ള ചര്‍ച്ചകളുടെയും കൂട്ടായ്മയുടെയും ഫലമായിരുന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യം വിലയിരുത്തി പ്രതിപക്ഷ കക്ഷികള്‍ ചേര്‍ന്ന് മതനിരപേക്ഷ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കും. അതിന് അനുകൂലമായ രാഷ്ട്രീയ സഹാചര്യം തന്നെയാണ് രാജ്യത്തുള്ളത്.”
വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ‘കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണ്ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക് ‘ എന്ന പേരിലാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത് വിവാദമായിരുന്നു. ഇത് എഴുതിയത് ദേശാഭിമാനിയിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും മുന്‍ ഡല്‍ഹി ബ്യൂറോ ചീഫുമായ വി.ബി പരമേശ്വരനാണെന്ന വിവരവും പുറത്തു വരുന്നുണ്ട്. ദേശാഭിമാനിയിലെ മുഖ പ്രസംഗവും, ഇപ്പോള്‍ അഭിമുഖത്തില്‍ വന്ന പരാമര്‍ശവും പാര്‍ട്ടിയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് സിപിഎമ്മിനകത്തും അഭിപ്രായമുണ്ട്. ഇതോടെ വിബി പരമേശ്വരനെതിരെ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നേക്കും.
കഴിഞ്ഞ ദിവസം ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിലാണ് രാഹുല്‍ ഗാന്ധിയെ പപ്പുവെന്ന് വളിച്ച് അധിക്ഷേപിച്ചത്. ഇത് വലിയ തോതില്‍ വിവാദമായതോടെ ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പി.എം മനോജ് ഖേദപ്രകടനം നടത്തിയിരുന്നു.
Discussion about this post