ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി – കോണ്‍ഗ്രസ് സഖ്യമുണ്ടാകില്ലെന്ന് ഉറപ്പായി. ആം ആദ്മി പാര്‍ട്ടിക്ക് പിടിവാശിയാണെന്നും സഖ്യസാധ്യത മങ്ങിയെന്നും ദില്ലിയുടെ ചുമതലയുള്ള എഐസിസി സെക്രട്ടറി പി സി ചാക്കോ സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. എന്തായാലും ദില്ലിയില്‍ ത്രികോണപ്പോരാട്ടം നടക്കുന്നത് ബിജെപിക്ക് ഗുണമാകുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെയാണ് സര്‍വേകളും പറയുന്നത്.
ഇനി ചര്‍ച്ച വേണ്ടെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ബാക്കിയുള്ള ഏഴ് സീറ്റുകളിലേക്കും കോണ്‍ഗ്രസ് ഉടന്‍ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. പട്ടികയില്‍ മുതിര്‍ന്ന നേതാക്കളുള്‍പ്പടെ ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.ഒരു മാസം നീണ്ട ചര്‍ച്ചകളാണ് കോണ്‍ഗ്രസ് അവസാനിപ്പിക്കുന്നത്. ദില്ലിയിലെ ഏഴു സീറ്റുകളില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും നേര്‍ക്കുനേര്‍ മത്സരിക്കുമെന്നായിരുന്നു ധാരണ.എന്നാല്‍ ദില്ലിയ്ക്കൊപ്പം ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ നിലപാട്. ദില്ലി മാത്രം ചര്‍ച്ചയ്ക്ക് എടുത്താല്‍ മതിയെന്ന് കോണ്‍ഗ്രസ്.
സീറ്റുകളുടെ എണ്ണത്തിൽപ്പോലും ഇരുപാർട്ടികളും തമ്മിൽ സമവായമില്ലാതായതോടെ, സഖ്യസാധ്യത അവസാനിക്കുകയായിരുന്നു. ആം ആദ്മി പാര്‍ട്ടിയുമായി ദില്ലിയില്‍ സഖ്യം വേണോ എന്നതുമായി ബന്ധപ്പെട്ട് ദില്ലി കോണ്‍ഗ്രസില്‍ വലിയ തമ്മിലടിയാണ് നടന്നത്. സഖ്യം വേണമെന്ന ഉറച്ച ആവശ്യം മുന്നോട്ടു വയ്ക്കുന്നവരില്‍ മുന്‍ നിരയിലുള്ള പി സി ചാക്കോ തന്നെയാണ് ഇപ്പോള്‍ സഖ്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍ ആം ആദ്മി പാര്‍ട്ടിയോട് വന്‍ ഭൂരിപക്ഷത്തില്‍ തോറ്റ മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതിന് സഖ്യത്തോട് കടുത്ത എതിര്‍പ്പായിരുന്നു.
Discussion about this post