തിരുവനന്തപുരം ; ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഫലം അറിയാൻ ഇത്തവണ ഫലമറിയാൻ നിശ്ചയിച്ചതിലും രണ്ടുമണിക്കൂർ കൂടി വൈകും.അടുത്ത മാസം 23 നാണ് വോട്ടെണ്ണൽ .
ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ചു പോളിംഗ് ബൂത്തുകളിലെ വിവി പാറ്റ് എണ്ണിയശേഷമാകും ഔദ്യോഗിക ഫലപ്രഖ്യാപനം. സുപ്രീംകോടതി നിർദേശപ്രകാരമാണ് അഞ്ചെണ്ണം വീതം എണ്ണുന്നത്. ഇതിനായി ബൂത്തുകളെ നറുക്കിട്ട് തെരഞ്ഞെടുക്കും.
സംസ്ഥാനത്ത് 20 ലോക്സഭാ മണ്ഡലങ്ങളിലായി 55 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ടാകും. വോട്ടെടുപ്പിനുശേഷം യന്ത്രങ്ങൾ സൂക്ഷിക്കാൻ 257 സ്ട്രോങ് റൂമുകൾ ഒരുക്കിയിട്ടുണ്ട്. 2310 കൗണ്ടിങ് സൂപ്പർവൈസർമാരെ നിയോഗിക്കും. സ്ട്രോംഗ് റൂമുകൾക്ക് സി.ആർ.പി.എഫിന്റെ 12 കമ്പനി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
2,61,51,534 വോട്ടർമാരാണ് അന്തിമ വോട്ടർപ്പട്ടികയിലുള്ളത്. ഇതിൽ 1,34,66,521 പേർ സ്ത്രീകളും 1,26,84,839 പുരുഷന്മാരുമാണ്. 174 ട്രാൻസ്ജെൻഡർ വോട്ടർമാരുണ്ട്.മലപ്പുറം ജില്ലയിലാണ് കൂടുതൽ വോട്ടർമാർ- 31,36,191. കുറവ് വയനാട് ജില്ലയിൽ- 5,94,177.
24,970 പോളിംഗ് സ്റ്റേഷനുകൾ ഒരുക്കിയിട്ടുണ്ട്. കുറ്റ്യാടി, ആലത്തൂർ, കുന്ദമംഗലം എന്നിവിടങ്ങളിൽ ഓക്സിലറി പോളിംഗ് ബൂത്തുകളുണ്ട്. മലപ്പുറത്താണ് കൂടുതൽ പോളിംഗ് ബൂത്തുകൾ- 2750. കുറവ് വയനാട്ടിൽ- 575.
സംസ്ഥാനത്ത് 24,970 വിവി പാറ്റ് യന്ത്രങ്ങൾ വേണമെന്നാണ് കണക്കാക്കിയിട്ടുള്ളത്. തകരാർ സാധ്യതകൂടി മുന്നിൽക്കണ്ട് 35,193 എണ്ണം എത്തിച്ചു. 32,746 കൺട്രോൾ യൂണിറ്റുകളും 44,427 ബാലറ്റ് യൂണിറ്റുകളും എത്തിച്ചു
സമ്പൂർണമായി വനിതകൾ നിയന്ത്രിക്കുന്ന 240 പോളിംഗ് ബൂത്തുകളും ഇത്തവണത്തെ പ്രത്യേകതയാണ്. പോളിംഗ് ജോലികൾക്ക് 1,01,140 ഉദ്യോഗസ്ഥരെ നിയോഗിച്ചു.
Discussion about this post