ലക്നൗ: റാംപൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി ജയപ്രദയ്ക്കെതിരെ അസംഖാന് പിന്നാലെ അധിക്ഷേപവുമായി സമാജ് വാദി പാര്‍ട്ടി നേതാവും അസംഖാന്റെ മകനുമായ അബ്ദുള്ള. അലി വേണ്ട , ബജ്റംഗ്ബലി മതിയെന്ന യുപി മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ വിമര്‍ശനം ഉന്നയിക്കവേയാണ് അലിയും വേണം ബജ്റംഗ്ബലിയും വേണം, പക്ഷേ അനാര്‍ക്കലിയെ വേണ്ടെന്ന് അബ്ദുള്ള പറഞ്ഞത്. ജയപ്രദയെ നേരത്തെ അസംഖാന് ‘ ആട്ടക്കാരി’യെന്ന് പരിഹസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അനാര്‍ക്കലി എന്ന പ്രയോഗവുമായി അബ്ദുള്ള രംഗത്തെത്തിയത്.
ചുട്ട മറുപടിയുമായി പ്രതികരണത്തിനെതിരെ ജയപ്രദ രംഗത്തെത്തി. പിതാവിനെ പോലെ തന്നെ..ചിരിക്കുകയാണോ കരയുകയാണോ വേണ്ടതെന്ന് എനിക്കറിയില്ല. അബ്ദുള്ളയെ പോലെ വിദ്യാഭ്യാസമുള്ള ഒരാളില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ല. നിങ്ങളുടെ അച്ഛന് എന്നെ ആട്ടക്കാരി എന്ന് വിളിച്ചു, ഇപ്പോള്‍ നിങ്ങള്‍ അനാര്‍ക്കലി എന്നും. നിങ്ങള്‍ ഈ സമൂഹത്തിലെ സ്ത്രീകളെ എങ്ങനെയാണ് കരുതിയിരിക്കുന്നത്”-ജയപ്രദ ചോദിച്ചു.
അക്ബര്‍ രാജാവിന്റെ കൊട്ടാരത്തിലെ നര്‍ത്തകിയായിരുന്നു അനാര്‍ക്കലി. ഇവര്‍ പിന്നീട് അക്ബറിന്റെ മകനായ ജഹാംഗീറുമായി പ്രണയത്തിലായി. കുപിതനായ അക്ബര്‍ രാജാവ് , അനാര്‍ക്കലിയെ ജീവനോടെ ചേര്‍ത്ത് വച്ച് മതില് പണിയാന്‍ ശിക്ഷവിധിച്ചുവെന്നാണ് പറയപ്പെടുന്നത്.
ബിജെപിയെ ഒരിക്കല്‍ കൂടി അധികാരത്തില്‍ എത്തിച്ചാല്‍ ചരിത്രത്തിലെ കറുത്ത ഏടായി അത് മാറുമെന്നും ജനങ്ങള്‍ അങ്ങനെ ചെയ്യില്ലെന്നും അബ്ദുള്ള തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. ജയപ്രദ സമാജ്വാദി പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതിനെ വിമര്‍ശിച്ച അസംഖാന്, വെറും 17 ദിവസം കൊണ്ട് അവരുടെ അടിവസ്ത്രത്തിന്റെ നിറം കാക്കിയാണെന്ന് താന്‍ തിരിച്ചറിഞ്ഞു എന്ന് പൊതുവേദിയില്‍ പ്രസംഗിച്ചിരുന്നു. ഇത് വലിയ വിവാദമാണ് ഉയര്‍ത്തിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് 72 മണിക്കൂര്‍ അസംഖാന് കമ്മീഷന് വിലക്കേര്‍പ്പെടുത്തുകയും സംഭവത്തില്‍ വനിതാ കമ്മീഷന് കേസെടുക്കുകയും ചെയ്തിരുന്നു.
സമാജ് വാദി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ തന്റെ മാന്യത നഷ്ടപ്പെടുകയായിരുന്നെന്നും അത് തിരികെ ലഭിച്ചത് ബിജെപിയില്‍ എത്തിയതിന് ശേഷമാണെന്നും ജയപ്രദ പറഞ്ഞു..സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും തനിക്ക് വളരെയധികം അപമാനം സഹിക്കേണ്ടി വന്നിരുന്നുവെന്ന് ജയപ്രദ വെളിപ്പെടുത്തുന്നു. നഷ്ടപ്പെട്ട മാന്യതയും ബഹുമാനവും തിരികെ ലഭിച്ചത് ബിജെപിയില്‍ വന്നതിന് ശേഷമാണെന്നും ജയപ്രദ പറഞ്ഞു.”ബിജെപി ഒരു ദേശീയ പാര്‍ട്ടിയാണ്. എന്നാല്‍ സമാജ് വാദി പാര്‍ട്ടി പ്രാദേശിക കക്ഷിയാണ്. ഒരു സ്ത്രീയെന്ന നിലയിലും രാഷ്ട്രീയ പ്രവര്‍ത്തക എന്ന നിലയിലും എനിക്ക് ബഹുമാനം നല്‍കിയത് ബിജെപിയാണ്. സമാജ് വാദി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ എനിക്ക് നഷ്ടമായ മാന്യത തിരികെ ലഭിച്ചത് ബിജെപിയില്‍ എത്തിയതിന് ശേഷമാണെന്ന് ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു.എന്റെ അഭിനയജീവിതത്തെക്കുറിച്ച് വളരെ മോശം അഭിപ്രായങ്ങളാണ് എനിക്ക് സമാജ് വാദി പാര്‍ട്ടി നേതാക്കളില്‍ നിന്നും ലഭിച്ചത്. അതെന്നെ വളരയധികം അപമാനപ്പെടുത്തിയിരുന്നു.” സമാജ് വാദി പാര്‍ട്ടിയില്‍ നിന്നും ബിജെപിയില്‍ ചേരാനുള്ള കാരണത്തെക്കുറിച്ച് ജയപ്രദ വിശദീകരിക്കുന്നു.മോദിയെ പോലുള്ള ഒരു പ്രധാനമന്ത്രിക്കൊപ്പം രാജ്യത്തെ സേവിക്കാന്‍ സാധിക്കുക എന്നത് അഭിമാനമായി കരുതുന്നുവെന്നും ജയപ്രദ പറഞ്ഞു.ഉത്തര്‍പ്രദേശിലെ റാംപൂര്‍ മണ്ഡലത്തില്‍ നിന്നും ബിജെപി സീറ്റിലാണ് ജയപ്രദ ലോക്സഭയിലേക്ക് മത്സരിക്കുന്നത്. സമാജ് വാദി പാര്‍ട്ടി നേതാവും മുന്‍ സഹപ്രവര്‍ത്തകനുമായ അസംഖാനാണ് റാംപൂരില്‍ ജയപ്രദയുടെ എതിര്‍സ്ഥാനാര്‍ത്ഥി.
Discussion about this post