മനുഷ്യന്റെ സംസ്കാരത്തെ തകർക്കാനുള്ള നീക്കത്തിനെതിരെ വിശ്വാസികൾ ഉണർന്നു പ്രവർത്തിക്കണമെന്ന് പിസി ജോർജ് എംഎൽഎ. തൃശൂർ പൂരത്തിന്റെ പ്രശ്നങ്ങൾ ശക്തമായി നിയമസഭയിൽ ഉന്നയിക്കും. ആചാരങ്ങളെ തകർക്കാനുള്ള നീക്കത്തിന് പിന്നിൽ കൃത്യമായ അജണ്ടയുണ്ടെന്നും പിസി ജോർജ് തൃശൂരിൽ പറഞ്ഞു.
പൂരം നടത്തിപ്പിന് നേരെയുള്ള കടുത്ത നിയന്ത്രണങ്ങൾ മനുഷ്യന്റെ ഒരു സംസ്കാരത്തെയാണ് ഇല്ലാതാക്കാൻ നോക്കുന്നത്. ആനകളെ ഇല്ലാതാക്കി ആചാരങ്ങളെ തകർക്കാനാണ് ശ്രമം. പ്രശസ്തമായ ആറാട്ടുപുഴ പൂരത്തിന്റെ പ്രൗഢിയെ പോലും നിയന്ത്രണങ്ങൾ ബാധിച്ചു. അതിന് പിന്നിൽ കൃത്യതമായ അജണ്ടയുണ്ടെന്നും വിശ്വാസികൾ ഉണർന്നു പ്രവർത്തിക്കണമെന്നും പിസിജോർജ് പറഞ്ഞു.
തെച്ചിക്കോട്ടക്കാവ് രാമചന്ദ്രന്റെ വിലക്ക് നീക്കണമെന്നാവശ്യപ്പെട്ടുള്ള ബിജെപിയുടെ പ്രതിഷേധ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെച്ചിക്കോട്ടുകാവ് ദേവസ്വം നിലനിൽക്കുന്ന പ്രദേശം സിപിഎമ്മിന്‍റെ സ്വാധീന മേഖലയാണ്. പാർട്ടി ഭരിക്കുന്ന സമയത്തും നീതി കിട്ടിയില്ലെന്ന അഭിപ്രായം പാർട്ടി അനുഭാവികളായ പൂരപ്രേമിക്കൾക്കിടയിലും ശക്തമാണ്. വിലക്കു നീക്കാൻ തൃശൂർ എംഎൽഎ കൂടിയായ മന്ത്രി വി.എസ്. സുനിൽ കുമാർ സമ്മർദം ചെലുത്തിയെങ്കിലും ഉദ്യോഗസ്ഥർ വഴങ്ങിയില്ലെന്നാണ് റിപ്പോർട്ടുകൾ. വിലക്കിനെതിരായ പൊതുവികാരം തിരിച്ചറിഞ്ഞാണ് ബിജെപി സമരം ഏറ്റെടുക്കുന്നത്.
കേരളത്തിൽ ഇന്ന് ജീവിച്ചിരിപ്പുള്ളതിൽ ഏറ്റവും ഉയരമുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ. പൂരത്തലേന്ന് തെക്കേ ഗോപുരം തുറക്കുന്ന ചടങ്ങ് ജനകീയമാക്കിയത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍റെ സാന്നിധ്യമാണ്. അടുത്തിടെ ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ഉല്‍സവത്തിനിടെ ഇടഞ്ഞ രാമചന്ദ്രന്‍റെ ആക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് വനം വകുപ്പാണ് ആനയ്ക്ക് വിലക്ക് ഏർപ്പെടുത്തിയത്.
Discussion about this post