രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതിയായ നളിനി മദ്രാസ് ഹൈക്കോടതിയിലേക്ക്. പ്രതികളെയെല്ലാവരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് തമിഴ് നാട് സര്‍ക്കാര്‍ നല്കിയ ശുപാര്‍ശ നിലവില്‍ ഗവര്‍ണറുടെ പരിഗണനയിലാണ്.
ഭരണഘടനയിലെ 161ആം വകുപ്പനുസരിച്ച് പ്രതികളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബറിലാണ് തമിഴ്നാട് സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയത്. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു പ്രമേയം പാസാക്കിയത്.
കുറ്റവാളിയെന്ന് കോടതി വിധിച്ചാലും പ്രതിയെ വിട്ടയക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നതാണ് ഭരണഘടനയിലെ 161ആം വകുപ്പ്.
പ്രതികളുടെ മോചനത്തില്‍ എത്രയും വേഗം നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നളിനി വെല്ലൂര്‍ ജയിലിന് മുന്നില്‍ ശനിയാഴ്ച നിരാഹാര സമരം നടത്തിയിരുന്നു.
നളിനി, മുരുഗന്, ജയകുമാര്‍, ശാന്തന്, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, പേരറിവാളന് തുടങ്ങിയ ഏഴ് പ്രതികളും 1991 മുതല്‍ തടവിലാണ്.
Discussion about this post