പശ്ചിമ ബംഗാളിൽ മമതയുടെ ഏകാധിപത്യമാണ് നടക്കുന്നതെന്നും ഏകാധിപത്യം തുടരാനാണെങ്കിൽ പിന്നെന്തിനാണ് തെരഞ്ഞെടുപ്പ് നടത്തുന്നതെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ. അമിത് ഷായുടെ തെരഞ്ഞെടുപ്പ് പരിപാടിക്ക് കാരണമൊന്നും ഇല്ലാതെയാണ് മമത അനുമതി നിഷേധിച്ചത്. ഹെലികോപ്റ്റർ ഇറക്കാനും അനുമതി നൽകിയില്ല. ബുള്ളറ്റിനെക്കാൾ ഫലപ്രദമാണ് ബാലറ്റ്, ബംഗാളിൽ ബിജെപി അധികാരത്തിലെത്തും. ഏകാധിപത്യം തുടരാൻ ആണെങ്കിൽ പിന്നെന്തിനാണ് തെരെഞ്ഞെടുപ്പ് നടത്തുന്നതെന്നും ജാവദേക്കർ ചോദിച്ചു.
പ്രതിപക്ഷ നിരയിലെ മറ്റ് നേതാക്കളേയും ജാവദേക്കർ വിമർശിച്ചു. രാഹുൽ ഗാന്ധിക്ക് സ്നേഹത്തിന്റെ അർത്ഥം എന്താണെന്ന് അറിയില്ല. സ്നേഹം എന്നാൽ ആക്ഷേപം എന്നാണ് രാഹുൽ കരുതിയിരുന്നതെന്ന് പ്രകാശ് ജാവദേക്കർ പരിഹസിച്ചു. കോൺഗ്രസ് ബിജെപിക്കെതിരെ ഹിന്ദു തീവ്രവാദ തിയറി പ്രചരിപ്പിക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല. പരാജയ ഭീതി മൂലമാണ് മായാവതി മോദിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post