ജനപ്രിയ സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിനെ പിന്നിലാക്കി ടിക് ടോക്ക് മുന്നിലാണെന്ന് റിപ്പോര്‍ട്ട്. ഈ വര്‍ഷം ആദ്യപകുതിയില്‍ ലോകവ്യാപകമായി ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്പ് ടിക് ടോക്കിന്റേതാണെന്ന് സ്റ്റാറ്റിസ്റ്റ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. മൊത്തം ഡൗണ്‍ലോഡിന്റെ കണക്കെടുത്താല്‍ ഇതില്‍ പകുതിയോളം ഇന്ത്യയില്‍ നിന്നാണ്.
2019 ജനുവരി മുതല്‍ മാര്‍ച്ച് വരെ 1.88 കോടി പേരാണ് ലോകവ്യാപകമായി ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തത്. ഇതില്‍ 47 ശതമാനം ഡൗണ്‍ലോഡും ഇന്ത്യയിലാണെന്നാണ് മാര്‍ക്കറ്റ് ഇന്റലിജന്‍സ് സ്ഥാപനമായ സെന്‍സര്‍ ടവര്‍ വ്യക്തമാക്കുന്നത്. ഇതേ കാലയളവില്‍ 1.76 കോടി പേരാണ് ഫേസ്ബുക്ക് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ഇതില്‍ 21 ശതമാനവും ഇന്ത്യയില്‍ നിന്നാണ്.
കഴിഞ്ഞ വര്‍ഷം അവസാനപാദത്തിലെ കണക്കെടുത്താല്‍ ഫേസ്ബുക്കാണ് ഏറ്റവും കൂടുതല്‍ പേര് ഡൗണ്‍ലോഡ് ചെയ്ത ആപ്പ്.
ഇന്ത്യയില്‍ ആകെ 30 കോടി ഫേസ്ബുക്ക് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ടിക് ടോക്കിന് 20 കോടി ഉപയോക്താക്കളുമുണ്ട്. 2016 ല്‍ പുറത്തിറങ്ങുകയും അടുത്ത കാലത്തുമാത്രം ഇന്ത്യയില്‍ സാന്നിധ്യമുറപ്പിക്കുകയും ചെയ്ത ടിക് ടോക്കിന് ചുരുങ്ങിയ കാലയളവിലാണ് ഇത്രയും ആരാധകരുണ്ടായത് എന്നതും ശ്രദ്ധേയമാണ്.
ഉള്ളടക്കത്തില്‍ ലൈംഗികതയുടെ അംശം കൂടുന്നുവെന്നതടക്കം നിരവധി ആരോപണങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് ടിക് ടോക്കിന്റെ ജനപ്രിയത വര്‍ധിക്കുന്നത്. സുപ്രീംകോടതിയുടെ നിര്‍ദേശം വന്നതോടെ കഴിഞ്ഞ മാസം ആന്‍ഡ്രോയ്ഡ്, ആപ്പിള്‍ ആപ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക്ക് എടുത്തു കളഞ്ഞിരുന്നു. കര്‍ശന നിബന്ധനകളോടെയാണ് അത് വീണ്ടും ലഭ്യമാക്കിയത്.
Discussion about this post