ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിന് വീണ്ടും തിരിച്ചടി. 2 തൃണമൂല്‍ എം.എല്‍.എ മാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഒരു എംഎല്‍എ സിപിഎമ്മില്‍ നിന്നും ബിജെപിയില്‍ ചേര്‍ന്നു.
ഡല്‍ഹിയില്‍ ബി.ജെ.പി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ദേശീയ സെക്രട്ടറി കൈലാശ് വിജയവര്‍ഗിയയും ബംഗാളിലെ ബിജെപി. നേതാവ് മുകുള്‍ റോയിയും ചേര്‍ന്ന് തൃണമൂല്‍ നേതാക്കളെ ബിജെപിയിലേക്ക് സ്വീകരിച്ചു.
മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുകുള്‍ റോയിയുടെ മകന് സുബ്രാന്‍ഷു റോയി, തുഷാര്‍കാന്തി ഭട്ടാചാര്യ എന്നിവരാണ് ബിജെപിയിലെത്തിയ തൃണമൂല്‍ എംഎല്‍എമാര്‍. ദേബേന്ദ്ര റോയി ആണ് സിപിഎമ്മില്‍ നിന്നെത്തിയ എംഎല്‍എ. മുകുള്‍ റോയി നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു.
തൃണമൂല്‍ കോണ്‍ഗ്രസിന്റെ 60 കൗണ്‍സിലര്‍മാരും ബിജെപിയില്‍ ചേര്‍ന്നു.. പശ്ചിമ ബംഗാളിലെ ബിജെപിയുടെ വിജയത്തില്‍ ആകൃഷ്ടരായാണ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേരാന്‍ തീരുമാനമെടുത്തതെന്ന് കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ലോക്സഭാ തിരഞ്ഞെടുപ്പ് ബംഗാളില്‍ ഏഴു ഘട്ടങ്ങളായാണ് നടന്നത്, അതുപോലെ ബിജെപിലേക്കുള്ള വരവും ഏഴു ഘട്ടങ്ങളായി നടക്കും. ഇത് ഒന്നാംഘട്ടം മാത്രമാണ്. ഭാവിയില്‍ കൂടുതല്‍ നേതാക്കള്‍ ബിജെപിലേക്ക് ചേക്കേറും’, ബംഗാളിന്റെ ചാര്‍ജുള്ള മുതിര്‍ന്ന ബിജെപി നേതാവ് കൈലാശ് വിജയവര്‍ഗിയ പറഞ്ഞു.
‘മമതാബാനര്‍ജിയുമായി ഞങ്ങള്‍ക്ക് യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങളുമില്ല. തെരഞ്ഞെടുപ്പില്‍ ബിജെപി സ്വന്തമാക്കിയ വലിയ വിജയമാണ് ഞങ്ങളെ തൃണമൂല്‍ വിടാന്‍ പ്രേരിപ്പിച്ചത്. ജനങ്ങള്‍ ബിജെപിയെ ഇഷ്ടപ്പെടുന്നു’.ബിജെപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യപ്പെടുന്നുവെന്നും കൗണ്‍സിലര്‍മാര്‍ വ്യക്തമാക്കി.
ബംഗാളില്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 42 സീറ്റുകളില്‍ 18 സീറ്റുകള്‍ നേടി ബിജെപി വലിയ വിജയമാണ് സ്വന്തമാക്കിയത്. 2014 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടു സീറ്റുകളില്‍ മാത്രമായിരുന്നു വിജയിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് 2014 ല്‍ 34 സീറ്റുകള്‍ നേടിയിരുന്നെങ്കിലും ഇത്തവണ 22 സീറ്റുകളില്‍ ഒതുങ്ങി.
Discussion about this post