ഡല്‍ഹി: രാജ്യത്തെ 73 ശതമാനം കുടുംബങ്ങളും ഗ്രാമങ്ങളിലാണ് താമസിക്കുന്നതെന്ന് സാമൂഹ്യ, സാമ്പത്തിക, ജാതി സര്‍വ്വെ. ഇതില്‍ 74.5 ശതമാനം കുടുംബങ്ങളുടെയും മാസാന്ത വരുമാനം 5,000 രൂപയില്‍ കുറവാണെന്നും പതിനായിരം രൂപയില്‍ കുടുതല്‍ മാസാന്ത വരുമാനമുള്ള ഗ്രാമീണ കുടുംബങ്ങള്‍ 8.3 ശതമാനം മാത്രമാണെന്നും സര്‍വ്വെ വെളിപ്പെടുത്തുന്നു.
രാജ്യത്ത് 24.39 കോടി കുടുംബങ്ങളാണുള്ളതെന്നും സര്‍വ്വെ പറയുന്നു. ഗ്രാമങ്ങളിലെ 56 ശതമാനം ജനങ്ങള്‍ക്കും സ്വന്തമായി ഭൂമിയില്ല. ഇതില്‍ 70 ശതമാനവും പട്ടികജാതിക്കാരായ കുടുംബങ്ങളാണ്. 50 ശതമാനം പട്ടികവര്‍ഗ കുടുംബങ്ങള്‍ക്കും സ്വന്തമായി ഭൂമിയില്ലെന്നും സര്‍വ്വെ പറയുന്നു. കോടി പേര് കൂലിപ്പണി ചെയ്താണ് ജീവിക്കുന്നത്.
കേരളത്തില്‍ പകുതിയിലധികം പേരും കൂലിപ്പണി ചെയ്താണ് ജീവിക്കുന്നതെന്നും സര്‍വ്വെ പറയുന്നു.
80 വര്‍ഷത്തിനു ശേഷമാണ് ഇത്തരമൊരു വിപുലമായ സാമൂഹ്യ, സാമ്പത്തിക, ജാതി സര്‍വ്വെ നടത്തുന്നത്.. സര്‍വ്വെ റിപ്പോര്‍ട്ട് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ഗ്രാമീണ വികസന, പഞ്ചായത്തീരാജ് മന്ത്രി ചൗധരി വീരേന്ദ്ര സിങൂം ചേര്‍ന്ന് പുറത്തിറക്കി. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് 1932ലാണ് നേരത്തെ സമാനമായ ഒരു സര്‍വ്വെ നടത്തിയിരുന്നത്.
രാജ്യത്ത് 4.08 ലക്ഷം ജനങ്ങള്‍ സാധനങ്ങള്‍ പെറുക്കി ജീവിക്കുന്നവരും 6.68 ലക്ഷം യാചകരുണ്ടെന്നും സര്‍വ്വെയിലുണ്ട്.
കുടുംബങ്ങളുടെ സാമൂഹ്യ, സാമ്പത്തിക ചുറ്റുപാട്, ഭൂസ്വത്ത് വിവരം, വിദ്യാഭ്യാസ നിലവാരം, സ്ത്രീകളുടെ സ്ഥിതിവിവരം, തൊഴില്‍, വരുമാനം തുടങ്ങി സമഗ്ര വിവരങ്ങളാണ് സര്‍വ്വെയിലുള്ളത്. ഇന്ത്യയിലെ മത സമുദായങ്ങള്‍, ജാതികളും ഉപജാതികളും പ്രത്യേക മേഖലകള്‍, സാമ്പത്തിക വിഭാഗങ്ങള്‍ എന്നിവയെ സംബന്ധിച്ച സമഗ്ര വിവരങ്ങള്‍ ഇതാദ്യമായാണ് സര്‍വ്വെയിലൂടെ പുറത്തുവരുന്നത്. 2011ലാണ് സര്‍വ്വെ ആരംഭിച്ചത്.
Discussion about this post