കള്ളനോട്ടുകളുമായി സഹോദരങ്ങള്‍ തൃശ്ശൂര്‍ സിറ്റി പോലീസിന്റെ പിടിയില്‍. ആലപ്പുഴ വടുതല സ്വദേശികളായ ബെന്നി ബർണാഡ് , ജോൺസൺ ബെർണാഡ് എന്നിവരാണ് ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീമിന്റെ പിടിയിലായത്.
തൃശ്ശൂരിലെ ചില കടകളില്‍ ഇവര്‍ രണ്ടായിരത്തിന്റെയും , അഞ്ഞൂറിന്റെയും നോട്ടുകള്‍ ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിയിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഹോദരങ്ങള്‍ പിടിയിലായത്.
2000 രൂപയുടെ 9 കള്ളനോട്ടുകളുമായി തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ വന്നപ്പോഴാണ് ബെന്നി പിടിയിലാകുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നും അനുജനാണ് കള്ളനോട്ടുകള്‍ നിര്‍മ്മിച്ചതെന്ന് സമ്മതിച്ചു. പിന്നാലെ വടുതലയിലെ വീട് പോലീസ് റെയിഡ് ചെയ്യുകയായിരുന്നു. വിതരണം ചെയ്യാന്‍ തയ്യാറാക്കിയ 45 രണ്ടായിരത്തിന്റെ നോട്ടുകളും അഞ്ഞൂറിന്റെ 25 നോട്ടുകളും അന്‍പതിന്റെ ഒരു നോട്ടും കണ്ടെടുത്തു. അച്ചടിക്കാൻ ഉപയോഗിച്ച വിദേശ നിർമിത പ്രിന്ററും പിടിച്ചെടുത്തിട്ടുണ്ട്.
ബെന്നി ബർണാഡ് കൊലപാതകക്കേസില്‍ ഉള്‍പ്പടെ പ്രതിയാണ്. അറസ്റ്റിലായ അനുജന്‍ ഓട്ടോ ഡ്രൈവറാണ്. കള്ളനോട്ട് കേസുകളില്‍ പ്രതിയായ ചിലരെ നേരിട്ടുകണ്ട് നിര്‍മ്മാണ സാങ്കേതിക വശങ്ങള്‍ മനസിലാക്കിയതിന് ശേഷമായിരുന്നു നോട്ടുനിര്‍മ്മാനം.
ആലപ്പുഴ , എറണാകുളം , കോട്ടയം , തൃശ്ശൂര്‍ , പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ ഇവര്‍ ലക്ഷകണക്കിന് രൂപയുടെ കള്ളനോട്ട് വിതരണം ചെയ്തിട്ടുണ്ട്. ഒരു ലക്ഷം രൂപയുടെ നല്ലനോട്ട് നല്‍കിയാല്‍ പകരമായി രണ്ടു ലക്ഷം രൂപയുടെ കള്ളനോട്ട് വിതരണം ചെയ്യുന്നതായിരുന്നു ഇവരുടെ രീതി. ഇവര്‍ ആര്‍ക്കെല്ലാം നോട്ടുകള്‍ വിതരണം ചെയ്തിട്ടുണ്ടെന്ന അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ അറസ്റ്റിലാകുമെന്ന് പോലീസ് അധികൃതര്‍ അറിയിച്ചു.
Discussion about this post