പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യയില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി . ആന്തൂര്‍ നഗരസഭയ്ക്ക് വീഴ്ച പറ്റിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. നഗരസഭയുടെ നടപടിയിലെ നിയമപരമായ രേഖകള്‍ കോടതി പരിശോധിക്കും. ഇന്ന് തന്നെ കോടതി കേസ് പരിഗണിക്കും എന്നാണ് സൂചന.
പുതുതായി നിർമിച്ച കൺവെൻഷൻ സെന്ററിന് ആന്തൂർ നഗരസഭ പ്രവർത്തന അനുമതി നൽകാത്തിൽ മനംനൊന്താണ് പ്രവാസിയായ സാജന് പാറയില്‍ ആത്മഹത്യ ചെയ്തത് . സാജന്റെ പാര്‍ത്ഥാസ് കണ്വെന്ഷന് സെന്ററിന് അനുമതി തേടി ഇരുപതിലേറെ തവണ നഗരസഭയില്‍ കയറി ഇറങ്ങിയതായും അപ്പോഴെല്ലാം നിസാര കാരണങ്ങള്‍ പറഞ്ഞ് നഗരസഭാ ചെയര്‍പേഴ്സണും ഉദ്യോഗസ്ഥരും അനുമതി നിഷേധിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ആത്മഹത്യയെ തുടര്‍ന്ന് രേഖകള്‍ പരിശോധിച്ച തദ്ദേശസ്വയംഭരണ വകുപ്പ് മന്തി എ.സി മൊയ്തീന് ഉദ്യോഗസ്ഥ തലത്തില്‍ വീഴ്ച സംഭവിച്ചതായി കണ്ടെത്തി . തുടര്‍ന്ന് നാല് നഗരസഭാ ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് മാത്രമെടുത്ത നടപടിയില്‍ സാജന്റെ കുടുംബത്തിന് വിയോജിപ്പുണ്ട്. നഗരസഭ അധ്യക്ഷ പി കെ ശ്യാമളയ്ക്കെതിരെയും നടപടി വേണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
നഗരസഭ ഉദ്യോഗസ്ഥര്‍ക്കൊപ്പം അധ്യക്ഷ പി കെ ശ്യാമളയ്ക്കെതിരെയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസ് എടുക്കണം എന്ന് കുടുംബം ആവശ്യപ്പെടുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സാജന്റെ കുടുംബം മുഖ്യമന്ത്രിയ്ക്കും ഡിജിപിയ്ക്കും ഉടന്‍ പരാതി നല്‍കും.
താന്‍ ഈ കസേരയില്‍ ഇരിക്കുന്ന കാലത്തോളം ഓഡിറ്റോറിയത്തിനു ലൈസന്‍സ് നല്‍കില്ല എന്ന് സാജനോട് ആന്തൂര്‍ ചെയര്‍പേഴ്സണ്‍ പറഞ്ഞതായി കഴിഞ്ഞ ദിവസം സാജന്റെ ഭാര്യ വ്യക്തമാക്കിയിരുന്നു . സിപിഎം കേന്ദ്രകമ്മിറ്റി അംഗം എംവി ഗോവിന്ദന്റെ ഭാര്യയാണ് നഗരസഭ അധ്യക്ഷയായ പി കെ ശ്യാമള.
Discussion about this post