പറന്നുയരാൻ തയ്യാറെടുത്ത് റാഫേൽ.സെപ്റ്റംബറിൽ ആദ്യവിമാനം ഇന്ത്യയിലെത്തുമെന്ന് വ്യോമസേന അധികൃതർ അറിയിച്ചു. ഫ്രാൻസിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ അധികൃതർ വിമാനം ഏറ്റുവാങ്ങും.ചടങ്ങിന്റെ ഭാഗമായി ഇന്ത്യൻ പൈലറ്റുമാർ 1500 മണിക്കൂർ പരിശീലന പറക്കല്‍ നടത്തും.
റാഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ സ്ക്വാഡ്രൺ ഹരിയാനയിലെ അംബാല വ്യോമതാവളം ആസ്ഥാനമാകുമെന്നാണ് അറിയുന്നത്. മിസൈലുകളും ആണവ പോർമുനകളും വഹിക്കാനാകുന്ന മധ്യദൂര ബഹുദൗത്യ പോർവിമാനമായ റാഫേലിന്റെ ആദ്യബാച്ചിനെ പാക്കിസ്ഥാൻ അതിർത്തിയോടു ചേർന്ന തന്ത്രപ്രധാന വ്യോമതാവളത്തിലാണു വിന്യസിക്കുന്നത്. 150 കിലോമീറ്ററിലേറെ സഞ്ചാര ശേഷിയുള്ള ആകാശ മിസൈലുകൾ വഹിക്കാനാകുന്ന റഫാൽ അംബാല താവളമാക്കുന്നതു നിർണായകമാണ്. റാഫേലിനെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ അംബാലയിൽ നേരത്തെ തന്നെ ആരംഭിച്ചിട്ടുണ്ട്.
അംബാലയിൽ 14 ഷെൽട്ടറുകൾ, ഹാങ്ങറുകൾ, അറ്റകുറ്റപ്പണിക്കുള്ള സംവിധാനം എന്നിവ ഒരുക്കുന്നതിനായി 220 കോടി രൂപ സർക്കാർ കഴിഞ്ഞ അനുവദിച്ചിട്ടുണ്ട്. അടുത്ത 40–50 വർഷത്തെ ആവശ്യങ്ങൾ മുന്നിൽ കണ്ടാണു സൗകര്യങ്ങളൊരുക്കുക. റഫാലിന്റെ നിർമാതാക്കളായ ഡസാൾട്ട് ഏവിയേഷനിൽ നിന്നുള്ള വിവിധ സംഘങ്ങൾ അംബാല സന്ദർശിച്ചു നിർദേശം നൽകിയിരുന്നു.
59,000 കോടി രൂപയുടെ കരാറിൽ ഉൾപ്പെട്ട യുദ്ധവിമാനങ്ങളുടെ ആദ്യബാച്ച് 2019 സെപ്റ്റംബറിൽ തന്നെ കൈമാറ്റം നടക്കും. എന്നാൽ വ്യോമസേനയുടെ ഭാഗമാകുന്നത് 2020 മേയിൽ ആയിരിക്കും.
Discussion about this post