ലൈംഗീക പീഡനക്കേസിലെ പ്രതി ബിനോയ് കോടിയേരി ഡിഎന്‍എ പരിശോധനയ്ക്കുള്ള രക്ത സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു. മുംബൈയിലെ പോലിസ് സ്‌റ്റേഷനില്‍ ബിനോയ് ഹാജരായെങ്കിലും രക്തം നല്‍കാനാവില്ല എന്ന് പോലിസിനെ അറിയിക്കുകയായിരുന്നു.
തനിക്ക് അസുഖമായതിനാല്‍ രക്തം നല്‍കാനാവില്ലെന്ന് ബിനോയ് പറഞ്ഞു. അടുത്ത തിങ്കളാഴ്ച പരിശോധനയ്ക്കുള്ള രക്തം നല്‍കാമെന്നും ബിനോയ് പറഞ്ഞു. നേരത്തെ ബിനോയ്ക്ക് അസുഖമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും പറഞ്ഞിരുന്നു.
കഴിഞ്ഞതവണ ഹാജരായപ്പോള്‍ ഡിഎന്‍എ പരിശോധനയ്ക്ക് ബിനോയ് സമ്മതം അറിയിച്ചെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. മറ്റു തടസ്സങ്ങളില്ലെങ്കില്‍ ഇന്ന് ജുഹുവിലെ കൂപ്പര്‍ ആശുപത്രിയില്‍ എത്തിച്ച് രക്തസാമ്പിള്‍ എടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.
ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ച്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥനുമുന്നില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലാണ് ബിനോയിക്ക് മുംബൈ ഡിണ്ടോഷി സെഷന്‍സ് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും ബിനോയിയുമായുള്ള ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി.
Discussion about this post