ഡൽഹി: ദേശവിരുദ്ധ സന്ദേശങ്ങളുടെ പ്രചാരണത്തിന് കാരണമാകുന്നെന്ന പരാതിയിൽ മൊബൈൽ ആപ്ലിക്കേഷനുകളായ ടിക് ടോകിനും ഹെലോയ്ക്കും കേന്ദ്ര സർക്കാർ നോട്ടീസ് അയച്ചു. നോട്ടീസിന് വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ ഇവയ്ക്ക് നിരോധനം ഏർപ്പെടുത്തിയേക്കും.
ഇന്ത്യൻ ഉപഭോക്താക്കളുടെ വ്യക്തിപരമായ വിവരങ്ങൾ ഈ പ്ലാറ്റ്ഫോമുകൾ വഴി വ്യാപകമായി ചോരുന്നതായി കണ്ടെത്തിയിരുന്നു. ഇവ ദേശവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കപ്പെടുന്നതായി സ്വദേശി ജാഗരൺ മഞ്ച് അടക്കമുള്ള സംഘടനകൾ കേന്ദ്രസർക്കാരിന് പരാതി നൽകിയിരുന്നു. ഇത്തരം വിവരചോരണം തടയാൻ എന്ത് നടപടി സ്വീകരിച്ചു എന്ന് സർക്കാർ ആപ്ലിക്കേഷൻ അധികൃതരോട് ചോദിച്ചു. വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ലെങ്കിൽ നിരോധനമുണ്ടാകുമെന്നാണ് സൂചന.
വ്യാജവാർത്തകളും പതിനോരായിരത്തോളം മോർഫ് ചെയ്ത ചിത്രങ്ങളും ഇത്തരം ആപ്പുകളിൽ നിന്ന് അധികൃതർ നീക്കം ചെയ്തിരുന്നു.
പതിമൂന്ന് വയസ്സിൽ താഴെയുള്ള കുട്ടികളുടെ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ ഇവയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പതിനെട്ട് വയസ്സുവരെയുള്ളവരും ഇന്ത്യയിൽ കുട്ടികളായാണ് കണക്കാക്കപ്പെടുന്നതെന്നും പ്രായപൂർത്തിയാകാത്ത കുട്ടികളുടെ ചിത്രങ്ങൾ ഇത്തരം ആപ്പുകൾ വഴി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നതായും ചില വനിത സംഘടനകളും പരാതിപ്പെട്ടിരുന്നു.
ടിക് ടോകിന്റെ ശക്തമായ കമ്പോളങ്ങളിൽ ഒന്നാണ് ഇന്ത്യ. ഇന്ത്യയുടെ ആശങ്ക തങ്ങൾ മനസ്സിലാക്കുന്നുവെന്നും ഉചിതമായ നടപടി സ്വീകരിച്ച് സർക്കാരിന് റിപ്പോർട്ട് ഉടൻ നൽകുമെന്നും ടിക് ടോക് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
Discussion about this post