ടി.പി സെന്‍കുമാര്‍, മുന്‍ പോലിസ് മേധാവി
പോലീസിലെ ദല്ലാള്‍ സഖാക്കളുടെ കൂടിയാട്ടം
സി.ആര്‍.ബിജു എന്ന, പോലീസ് ഓഫീസേഴ്‌സ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്നയാള്‍ എന്നെ ഉപദേശിച്ചു കൊണ്ടും, എനിക്കെതിരെ ആക്ഷേപങ്ങള്‍ ഉന്നയിച്ചുകൊണ്ടും ഒരു ഫെയ്‌സ് ബുക്ക് പോസ്റ്റും, വാട്ട്‌സ്ആപ്പില്‍ പ്രചരണങ്ങളും നടത്തുന്നുണ്ട്. പോലീസ് സേനയിലെ ഏതു നിയമത്തിന്റെ പിന്‍ബലത്തിലാണാവോ ഈ ഫെയ്‌സ് ബുക്ക് പോസ്റ്റും, വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും?
സി.ആര്‍.ബിജു എന്ന, പിണറായി ഭരണത്തിന്റെ തണലില്‍ പോലീസ് ഓഫീസേഴ്‌സ് ഭാരവാഹിയായ, സഖാവ് മനസ്സിലാക്കേണ്ടത്, സി.ആര്‍.ബിജു എന്നല്ല, ഇപ്പോഴത്തെ പോലീസ് അസോസിയേഷനിലെ എല്ലാ നേതാക്കളും എന്ത് ആക്ഷേപം ഉന്നയിച്ചാലും അതൊന്നും എന്റെമേല്‍ ഏശുകയില്ല എന്നതാണ്. കാരണം, ഞാന്‍ ഒരു പാര്‍ട്ടിയുടെയും ചട്ടുകമായിരുന്നില്ല. നിതിയ്ക്കും, നിയമത്തിനും വേണ്ടി പ്രവര്‍ത്തിച്ചവനാണ്. എന്റെ കീഴില്‍ ജോലി ചെയ്തിരുന്ന എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ സന്ദര്‍ഭങ്ങളില്‍, ഏതൊരു സര്‍ക്കാരിന്റെ സമയത്തും എത്രയെല്ലാം സംരക്ഷണം ഞാന്‍ കൊടുത്തിട്ടുണ്ട് എന്ന് കേരളത്തിലെ പോലീസുദ്യോഗസ്ഥര്‍ക്ക് അറിയാം. അതുകൊണ്ട് സി.ആര്‍.ബിജു എന്ന സഖാവിന്റെ ചാരിത്രപ്രസംഗം സ്വന്തം സഖാക്കളുടെ അടുത്തു മതി.
കേരളത്തിലെ സെന്‍സസ് പ്രകാരവും, കേരളാ സര്‍ക്കാര്‍ വകുപ്പായ ഇക്കണോമിക്‌സ് & സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ വൈറ്റല്‍ സ്റ്റാറ്റിസ്റ്റിക്‌സും മാത്രമാണ് ഞാന്‍ ഫെയ്‌സ്ബുക്കില്‍ കൊടുത്തത്. സഖാവിന്റെ സര്‍ക്കാര്‍ 2017 മുതല്‍ ഈ പട്ടികകള്‍ അപ്രത്യക്ഷമാക്കി എന്നതുതന്നെ എന്തോ മറച്ചു പിടിക്കാനുണ്ട് എന്നതിന്റെ ലക്ഷണമല്ലേ? ജനസംഖ്യയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കേരളത്തിലെ ജനങ്ങള്‍ അറിയുന്നതില്‍ സഖാവിന് എന്താണിത്ര വിമ്മിഷ്ടം? ഡോ. തോമസ് ഐസകിനു വേണ്ടി എനിക്കെതിരെ കമന്റിടാന്‍ വന്ന നെബു ജോണ്‍ എബ്രഹാം എന്നയാള്‍ കാര്യം മനസ്സിലായപ്പോള്‍ മാന്യതയോടെ എല്ലാ കാര്യങ്ങളും പഠിക്കാമെന്ന് പറയുകയാണുണ്ടായത്. സഖാക്കളെ, കണ്ണടച്ച് ഇരുട്ടാക്കിയാല്‍ അവരവര്‍ക്കു മാത്രമെ ഇരുട്ടാകൂ. അസോസിയേഷന്‍ നേതാവായിരുന്ന് ഭരണത്തിന്റെ തണലില്‍ അധികം പാല്‍ കട്ടു കുടിക്കാതിരിക്കുന്നതാണ് നല്ലത്.
2016 ജൂണ്‍ 1 ന് എന്നെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തു നിന്നും നിയമവിരുദ്ധമായി മാറ്റിയപ്പോഴൊ, ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയിലൂടെ ഞാന്‍ തിരിച്ചു വന്നപ്പോഴൊ എനിക്കെതിരെ രാഷ്ട്രീയ ഭൃത്യന്മാരായ ചില പോലീസുദ്യോഗസ്ഥര്‍ കള്ളക്കേസുകള്‍ എടുത്തപ്പോഴൊ എവിടെയായിരുന്നു സി.ആര്‍.ബിജുവിന്റെ ചാരിത്ര്യപ്രസംഗം? മൂന്നു കൊല്ലം ഭരിച്ചിട്ടും, സെന്‍കുമാര്‍ ഏതെങ്കിലും ഒരു കാര്യത്തില്‍ നിയമവിരുദ്ധമായി പെരുമാറിയന്ന്, നീതി രഹിതമായി പെരുമാറിയെന്ന് കൊണ്ടു വരാനായോ? ഇപ്പോഴും എംജി കോളജിലെ ഫോട്ടോയും പൊക്കിപിടിച്ച് നടക്കല്‍ മാത്രം! അത് ഈ നാട്ടിലെ ബഹുജനങ്ങള്‍ ആവശ്യപ്പെടുന്ന ഒന്നാണ്.
പോലീസുകാരനെ മര്‍ദ്ദിച്ചവന് ബിരിയാണി വാങ്ങിച്ചു കൊടുക്കലല്ല സെന്‍കുമാറിന്റെ പണി. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ചട്ടുകമായി പോലീസ് വകുപ്പിനെ മാറ്റുകയായിരുന്നില്ല. സിപിഐ (എം) ന്റെ അടിയാളായി നിങ്ങള്‍ പറയുന്ന പല ബഹുമാന്യ പഴയ പോലീസ് മേധാവികളും അവരുടെ സര്‍വ്വീസില്‍ എന്തൊക്കെ ചെയ്തുവെന്ന് നന്നായി അറിയാം. ടി.പി.ചന്ദ്രശേഖരനെ വധിച്ചത് വ്യക്തി വൈരാഗ്യം കൊണ്ടു മാത്രമാണെന്ന് പറഞ്ഞവരും അക്കൂട്ടത്തിലുണ്ട്. അവരൊക്കെ അത്രെ മാതൃകാ പുരുഷന്മാര്‍!
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ കേരളാ പോലീസ് എവിടെയെത്തിയെന്നത് ഇവിടുത്തെ മാധ്യമങ്ങളും, പൊതുജനങ്ങളും നന്നായി അറിയുന്നതാണ്. ശബരിമലയുടെ കാര്യത്തില്‍ ഇല്ലാത്ത വിധി നടപ്പാക്കാന്‍ പോലീസിന് എത്ര ധൃതിയായിരുന്നു? അങ്ങനെ നടപ്പാക്കാന്‍ സര്‍ക്കാരിന്റെ ഉത്തരവ് സഖാവ് അടിയാളന്‍ ഒന്നു കൊണ്ടുവരാമോ? എന്താണ് കഴിഞ്ഞ ആറ് മാസങ്ങളായി സ്ത്രീകളെയൊന്നും തള്ളിക്കയറ്റാത്തത്? എന്താണ് ഓര്‍ത്തഡോക്‌സുകാരുടെ പള്ളികള്‍ ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിധി അനുസരിച്ച് പിടിച്ചു കൊടുക്കാത്തത്? എന്താണ് ശ്രീജിത്തിനെ പിടിച്ചുകൊണ്ടു വന്ന സിഐ മുതല്‍, നൂറുക്കണക്കിന് കിലോമീറ്റര്‍ അകലെ കിടന്നുറങ്ങിയ എസ്‌ഐ വരെ ശ്രീജിത് എന്ന മനുഷ്യനെ അറിയാത്തവര്‍ മാത്രം പ്രതികളായത്? അതില്‍ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ എന്തു സംരക്ഷണമാണ് അനധികൃത നിര്‍ദേശം നല്‍കിയ ഉന്നതര്‍ക്ക് നല്‍കിയത്! ഇതു തന്നെയല്ലെ രാജ്കുമാറിന്റെ കൊലപാതകത്തിലും നടന്നത്? പ്രധാനമന്ത്രിക്കെതിരെ എന്ത് വൃത്തികെട്ട പോസ്റ്റുകളും ഇടാം. അതിനൊന്നും കേസില്ല. പിണറായി ആണെങ്കിലോ?
കേരളത്തിലെ പോലീസുകാര്‍ക്ക് അറിയാം, അവര്‍ക്ക് സര്‍വ്വീസില്‍ പ്രയോജനം കിട്ടിയത് മുഴുവന്‍ ഇടതുപക്ഷം എന്ന സഖാക്കളുടെ കീഴിലല്ല എന്ന്. പോലീസ് കോണ്‍സ്റ്റബിളിന് യുഡിസിയുടെ ശമ്പള സ്‌കെയില്‍ നല്‍കിയതും, നാലാമത്തെ ഗ്രേഡും നല്‍കി ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ പെന്‍ഷനോടെ റിട്ടയര്‍ ചെയ്യാന്‍ സാധിക്കുന്നതും സി.ആര്‍.ബിജുവിനെ പോലുള്ള അടിമസഖാക്കളുടെ പ്രവര്‍ത്തനം കൊണ്ടല്ല. പോലീസിന് എന്തറിയാം എന്നതിന്റെ നാന്ദിയാണ് തിരുവനന്തപുരത്തുള്ള പോലീസ് സഹകരണ സംഘത്തിലേയ്ക്കു നടന്ന തിരെഞ്ഞെടുപ്പ്! ഭരണത്തെ മുഴുവന്‍ ദുര്‍വിനിയോഗം ചെയ്തിട്ടും ഒരു സഖാവിനും അവിടെ ജയിക്കാനായില്ല. സി.ആര്‍.ബിജുവിനെ പോലുള്ള അര്‍ബുദങ്ങള്‍ കേരളാ പോലീസിലേയ്ക്ക് കൂടുതല്‍ വ്യാപിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.
തിരുവനന്തപുരത്തു തന്നെ വലിയതുറയില്‍ നിയമപരിപാലനം നടത്തിയ എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്തപ്പോഴും, പാളയത്ത് ട്രാഫിക് ജോലി നിര്‍വ്വഹിച്ച പോലീസുകാരനെ എസ്എഫ്‌ഐ ഗുണ്ടകള്‍ നിര്‍ദാഷ്യണ്യം മര്‍ദ്ദിച്ചപ്പോഴും എവിടെയായിരുന്നു സഖാവ്? വനിതാ പോലീസുകാരിയെ പീഢിപ്പിച്ചതിന് ബഹുമാനപ്പെട്ട ഹൈക്കോടതിയില്‍ കേസുള്ള ചിലരും സഖാക്കളുടെ കൂട്ടത്തില്‍ ഉണ്ടെന്നറിയാം.
സി.ആര്‍.ബിജു അല്ല, എന്റെ ബഹുജന പിന്തുണ അളക്കേണ്ടത്. ഇ.കെ.നായനാര്‍ ചെയ്ത നടപടിക്ക് പിതൃശൂന്യതയോടെ ഈ സര്‍ക്കാര്‍ എന്റെ പേരില്‍ റിപ്പോര്‍ട്ടുകള്‍ അയച്ചിട്ടുപോലും നമ്പി നാരായണന് പത്മഭൂഷന്‍ കൊടുത്തപ്പോള്‍ യാതൊരു മടിയും കൂടാതെ പ്രതികരിച്ചവനാണ് ഞാന്‍. നിലമ്പൂരില്‍ പോലീസുകാരെ ആക്രമിക്കാന്‍ വന്ന മാവോയിസ്റ്റ് സംഘത്തിലെ രണ്ടുപേര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടപ്പോള്‍ സി.ആര്‍.ബിജുവിന്റെ മാതൃകാ പോലീസ് മേധാവികളൊന്നും ഒരക്ഷരം ഉരിയാടി കണ്ടില്ല. അന്ന് ഞാനാണ് ലീവില്‍ ആയിരുന്നിട്ടുപോലും മാധ്യമങ്ങളില്‍ വന്ന് പോലീസിനെ പിന്തുണച്ചത്. പിന്നിടേ മുഖ്യമന്ത്രി പോലും പോലീസിനെ പിന്തുണച്ചുള്ളൂ. അതുകൊണ്ട്, കേരളാ പോലീസിലെ ഒരു സംഘം അന്തംകമ്മി സഖാക്കളായ ചിലര്‍ക്കൊഴിച്ച് മറ്റെല്ലാപേര്‍ക്കും സെന്‍കുമാര്‍ ആരാണെന്ന് അറിയാം. പിന്നെ അന്തംകമ്മി സഖാക്കളുടെ ബഹുമാനമൊന്നും എനിക്കു വേണ്ട. കാലു നക്കാന്‍ നടക്കുന്ന ഏതെങ്കിലും ഐപിഎസുകാരനുണ്ടെങ്കില്‍ അത് അവിടെ കൊടുത്താല്‍ മതി.
ശ്രീ.ജോണ്‍ മത്തായി ഐപിഎസ്, ശ്രീ.രാജഗോപാല്‍ നാരായണ്‍ ഐപിഎസ്, ശ്രീ.രാജഗോപാലന്‍ നായര്‍ ഐപിഎസ്, ശ്രീ.കെ.ജെ.ജോസഫ് ഐപിഎസ്, ശ്രീ.ഹോര്‍മീസ് തരകന്‍ ഐപിഎസ് എന്നിങ്ങനെ വ്യക്തിത്വമുള്ള പോലീസ് മേധാവികളെ ബഹുമാനിക്കുന്നവനാണ് സെന്‍കുമാര്‍. പക്ഷേ, പോളിറ്റ് ബ്യൂറോ മെമ്പര്‍മാരെയും, കാലു നക്കികളെയും മേല്‍പറഞ്ഞ ഗണത്തില്‍പ്പെടുത്തുന്ന ആളല്ല ഞാന്‍. പോലീസിനെ ഒരു പാര്‍ട്ടിയുടെ കീഴ്ഘടകമാക്കാന്‍ കോപ്പു കൂട്ടുന്ന എല്ലാവരും മനസ്സിലാക്കിക്കോളൂ, ഈ പിണറായി സംരക്ഷണം അധികനാള്‍ നീളില്ല എന്നത്. ജനം കണ്ണടച്ച് ഇരിപ്പല്ല, കണ്ണു തുറന്നാല്‍ ദേശാഭിമാനിയും, കൈരളി ചാനലും മാത്രം കാണുന്നവരുമല്ല. വിലയ്ക്കു വാങ്ങാന്‍ കിട്ടാത്ത ധാരാളം സാമൂഹ്യപ്രവര്‍ത്തകരും, ബുദ്ധിജീവികളും ഇനിയും കേരളത്തിലുണ്ട്.
2019ലെ ലോക്‌സഭാ തിരെഞ്ഞെടുപ്പ് നടന്നപ്പോള്‍ പോസ്റ്റല്‍ ബാലറ്റുകളില്‍ മുഴുവന്‍ കൃത്രിമം നടത്തി ഒരു രാഷ്ട്രീയ പാര്‍ട്ടിയെ സഹായിക്കാന്‍ ശ്രമിച്ചവരാണ് ഇപ്പോള്‍ റിട്ടയര്‍ ചെയ്ത് രണ്ടു വര്‍ഷം കഴിഞ്ഞ ടി.പി.സെന്‍കുമാറിനെ വിമര്‍ശിക്കാന്‍ വരുന്നത്. സിഐ മുതല്‍ താഴെ തലത്തിലേയ്ക്കുള്ള പോലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ഓരോ മാസവും നടത്തുന്ന പണപ്പിരിവല്ലാതെ എന്തെങ്കിലും ഉപകാരം ചെയ്തിട്ടാണോ ഈ സഖാക്കള്‍ എന്നെ ഉപദേശിക്കാന്‍ വരുന്നതെങ്കില്‍ മനസ്സിലാക്കാമായിരുന്നു. രാഷ്ട്രീയ ദല്ലാള്‍ പണി പോലീസില്‍ നടപ്പാക്കാന്‍ അച്ചാരം വാങ്ങിയിരിക്കുന്ന സഖാക്കള്‍ ഒന്നു മനസ്സിലാക്കുക. നിങ്ങള്‍ സഖാക്കളുടെയൊക്കെ ദൈവമായ, ശ്രീ.പിണറായി വിജയനെ നട്ടെല്ലോടെ നേരിട്ട് സംസ്ഥാന പോലീസ് മേധാവിയായി തിരിച്ചു വന്നവനാണ് ഞാന്‍. അതോര്‍മ്മയിലിരിക്കട്ടെ.
Discussion about this post