ബംഗലൂരു: കർണ്ണാടകയിൽ വിശ്വാസവോട്ടെടുപ്പിന് കളമൊരുങ്ങി. താൻ തിങ്കളാഴ്ച സഭയിൽ ഭൂരിപക്ഷം തെളിയിക്കുമെന്ന് മുഖ്യമന്ത്രി യെദ്യൂരപ്പ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ബിജെപി നിയമസഭാകക്ഷി യോഗത്തിന് ശേഷം മാദ്ധ്യമങ്ങളെ കണ്ട യെദ്യൂരപ്പ അവകാശവാദം ആവർത്തിച്ചു.
വിശ്വാസവോട്ടെടുപ്പിന് ശേഷം ധനകാര്യ ബിൽ അവതരിപ്പിക്കുമെന്നും യെദ്യൂരപ്പ വ്യക്തമാക്കി.
നൂറ്റിയഞ്ച് എം എൽ എമാരെ കൂടാതെ സ്വതന്ത്രരുടെ പിന്തുണയും ഉറപ്പിച്ചതായി ബിജെപി സംസ്ഥാന നേതാവ് രവികുമാർ പറഞ്ഞു. സഭയിൽ ഭൂരിപക്ഷം ഉറപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.
കർണ്ണാടക മുഖ്യമന്ത്രിയായി ഗവർണ്ണർ വാജുഭായ് വാലക്ക് മുൻപിൽ വെള്ളിയാഴ്ച യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തിരുന്നു.
വിശ്വാസവോട്ടെടുപ്പിന് മുന്നോടിയായി തിങ്കളാഴ്ച രാവിലെ ആറ് മണി മുതൽ ചൊവ്വാഴ്ച അർദ്ധരാത്രി വരെ വിധാൻ സൗധയുടെ രണ്ട് കിലോമീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി പൊലീസ് കമ്മീഷണർ അലോക് കുമാർ അറിയിച്ചു. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാനാണിതെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post