രണ്ട് വര്‍ഷമായി ഒരോരോ കാരണങ്ങള്‍ പറഞ്ഞ് ജേക്കബ് തോമസ് ഐപിഎസിനെ സര്‍വ്വിസില്‍ നിന്ന് മാറ്റി നിര്‍ത്തിയ ഇടത് സര്‍ക്കാരിനെ നാണം കെടുത്തുന്നതാണ് കേന്ദ്ര അഡ്മിനിസ്‌ട്രേറ്റിവ് ട്രിബ്യൂണലിന്റെ ഉത്തരവ്. സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഒരാളെ ഇത്തരത്തില്‍ മാറ്റി നിര്‍ത്തിയത് ന്യായീകരിക്കാനാവില്ലെന്നാണ് സിഎടി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്. തുടര്‍ച്ചയായുള്ള സസ്‌പെന്‍ഷന്‍ ചട്ടവിരുദ്ധമാണെന്നും സിഎടി ചൂണ്ടിക്കാട്ടി. ഇതോടെ തന്നെ പിണറായി സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി വേട്ടയാടുന്നുവെന്ന ജേക്കബ് തോമസിന്റെ വാദം ശരിയാണെന്ന് വ്യക്തമാവുകയാണ്.എത്രയും വേഗം ജേക്കബ് തോമസിനെ തിരിച്ചെടുക്കണമെന്നും, പോലിസില്‍ ഒഴിവില്ലെങ്കില്‍ തത്തുല്യമായ മറ്റ് പോസ്റ്റുകളിലേക്ക് പരിഗണിക്കണമെന്നും സിഎടി പറയുമ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ വെട്ടിലാവുകയാണ്.
സര്‍ക്കാര്‍ വിമര്‍ശനത്തിന്റെ പേരില്‍ ഒതിക്കിയ ജേക്കബ് തോമസ് തിരിച്ചെത്തുന്നത് ‘ശൈലി മാറ്റാത്ത’ പിണറായി വിജയനും സര്‍ക്കാരിനും വലിയ നാണക്കേടാകും. അതിനാല്‍ ഉത്തരവിനെതിരെ സര്‍ക്കാര്‍ മേല്‍കോടതിയെ സമീപിക്കാനാണ് സാധ്യത. ലക്ഷങ്ങള്‍ ചിലവഴിച്ച് സുപ്രിം കോടതി അഭിഭാഷകരെ വച്ച് ജേക്കബ് തോമസിനെ പുറത്ത് തന്നെ നിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചേക്കും. വിരമിക്കാന്‍ മാസങ്ങള്‍ മാത്രമിരിക്കെ ജേക്കബ് തോമസ് പോരാട്ട വഴിയില്‍ തന്നെ തുടരുന്നത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകും. പോലിസ് മേധാവി സ്ഥാനത്ത് നിന്ന് ടിപി സെന്‍കുമാറിനെ മാറ്റിയ പിണറായി സര്‍ക്കാര്‍ തുടക്കത്തിലെ തിരിച്ചടി നേരിട്ടിരുന്നു. സുപ്രിം കോടതി വരെ നിയമപോരാട്ടം നടത്തി സെന്‍കുമാര്‍ പദവിയില്‍ തിരിച്ചെത്തിയത് രാഷ്ട്രീയമായി തന്നെ സിപിഎമ്മിന് തിരിച്ചടിയായി. ആ സമയത്ത് ജേക്കബ് തോമസിനെ ആദര്‍ദധീരനായ പോലിസ് ഉദ്യോഗസ്ഥന്‍ എന്ന് പുകഴ്ത്തി വിജിലന്‍സ് തലപ്പത്ത് മുഖ്യമന്ത്രി അവരോധിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം സര്‍ക്കാരിനെതിരെ വിമര്‍ശനം നടത്തിയെന്ന പേരില്‍ ജേക്കബ് തോമസിനെ സര്‍ക്കാര്‍ വേട്ടയാടുകയായിരുന്നു.
ഓഖിദുരന്തത്തിന് ഇരയായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി സംസാരിച്ചതിന്റെ പേരില്‍ തുടങ്ങിയതാണ് തനിക്കെതിരെയുള്ള വൈരാഗ്യമെന്ന് ജേക്കബ് തോമസ് പ്രതികരിച്ചത്. 2003 ജോയിന്റ് പാസ്‌പോര്‍ട്ട് കമ്മീഷണറായപ്പോള്‍ മുതലാണ് താന്‍ അഴിമതിക്കെതിരെ പോരാട്ടം തുടങ്ങിയത്. ഇതിന്റെ തുടര്‍ച്ചയാണ് തനിക്കെതിരെയുള്ള നീക്കങ്ങള്‍ക്ക് പിന്നിലെന്ന് ജേക്കബ് തോമസ് തുറന്നടിക്കുമ്പോള്‍ അത് സര്‍ക്കാരിന് കനത്ത വെല്ലുവിളിയാകും.
2007 ലാണ് ഓഖി ദുരന്തവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ക്കുള്ള ആനുകൂല്യങ്ങളും, പുനരധിവാസവു നടന്നില്ലെന്ന് ഒറു പരിപാടിക്കിടെ ജേക്കബ് തോമസ് തുറന്നടിച്ചത്..കാര്യവും കാരണവും എന്ന പേരിലുള്ള പുസ്തകത്തിലും അദ്ദേഹം സര്‍ക്കാര്‍ കൊള്ളരുതായ്മകളെ ചൂണ്ടിക്കാട്ടി. അനുമതിയില്ലാതെ സര്‍വ്വിസ് സ്‌റ്റോറി പ്രസിദ്ധീകരിച്ചുവെന്നായി പിന്നീടുള്ള കുറ്റം. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന സര്‍വ്വിസ് സ്‌റ്റോറിയും സര്‍ക്കാരിനെ ചൊടിപ്പിച്ചു. പിന്നീട് ഓരോരോ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ജേക്കബ് തോമസിനെതിരായ സസ്‌പെന്‍ഷന്‍ ഇതുവരെയും നീട്ടുകയായിരുന്നു. ഇതിനിടെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനം ഉയര്‍ത്തി താന്‍ പോരാട്ട വഴിയില്‍ തന്നെയാണെന്ന് ജേക്കബ് തോമസ് പിണറായി വിജയനെ ഓര്‍മ്മിപ്പിച്ചു കൊണ്ടേയിരുന്നു. തന്റെ സസ്‌പെന്‍ഷനെതിരെ ഹൈക്കോടതിയെയും സിഎടിയേയും ജേക്കബ് തോമസ് സമീപിക്കുകയും ചെയ്തു. ന്യായം തന്റെ ഭാഗത്താണെന്നും അന്തിമ വിജയം തനിക്കായിരിക്കുമെന്നും ജേക്കബ് തോമസ് പറയുന്നു. ഇപ്പോഴത്തെ സിഎടി ഉത്തരവ് അഴിമതിക്കെതിരായ ശബ്ദമാണെന്നും അദ്ദേഹം പറഞ്ഞു.
‘മാറ്റുവിന്‍ ചട്ടങ്ങളെ എന്ന് പറയുന്ന നാടാണ് കേരളം. കാലഹരപ്പെട്ട ചട്ടങ്ങള്‍ നമുക്ക് മാറ്റിയെഴുതേണ്ടേ..സുപ്രിം കോടതി ജഡ്ജിമാര്‍ വരെ ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ പറയുന്ന കലാമാണ് അതേ താനും ചെയ്തിട്ടുള്ളു. രാജു നാരായണ സ്വാമിയ്ക്കും അഴിമതിക്കെതിരെ പോരാടിയത് കൊണ്ട് ഇത്തരം അവസ്ഥ നേരിട്ടു. വൈറ്റില മേല്‍പ്പാലം നിര്‍മ്മാണത്തില്‍ അഴിമതിയെന്ന് പറഞ്ഞ ഉദ്യോഗസ്ഥയെ സ്ഥലം മാറ്റുന്ന കാലമാണ് ഇത്.”
-ജേക്കബ് തോമസ് ഐപിഎസ്
Discussion about this post