തൃശ്ശൂര്‍: കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചാവക്കാട് സ്വദേശി നൗഷാദിനെ വെട്ടിക്കൊന്ന കേസില്‍ മുഖ്യ പ്രതിയായ എസ്ഡിപിഐ പ്രവര്ത്തകന് പിടിയില്‍. വടക്കേക്കാട് സ്വദേശി ഫെബീര്‍ ആണ് പൊലീസിന്റെ പിടിയിലായത്. എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സജീവ പ്രവര്‍ത്തകനായ ഫെബീര്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ്.ഫെബീറിനെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.
സംഭവശേഷം വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്ന ഇയാളെ ചങ്ങരംകുളത്ത് നിന്നുമാണ് കുന്നംകുളം അസിസ്റ്റന്റ് കമ്മീഷണര്‍ സിനോജും സംഘവും കസ്റ്റഡിയിലെടുത്തത്. കൊലപാതകവുമായി ബന്ധപ്പെട്ട രണ്ട് പേരെ പൊലീസ് നേരത്തെ അറിസ്റ്റ് ചെയ്തിരുന്നു.നൗഷാദ് ജീവിച്ചിരുന്നാല്‍ ചാവക്കാട്ടെ എസ്ഡിപിഐയുടെ വളര്‍ച്ച തടസപ്പെടും എന്നതിനാലാണ് കൊല നടത്തിയതെന്നാണ് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
കേസിലെ മറ്റ് പ്രതികളെക്കുറിച്ച് ഫെബീറില് നിന്ന് കൃത്യമായ സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. കൃത്യത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രതികളും ഉടന്‍ അറസ്റ്റിലാവുമെന്ന് കേസന്വേഷണത്തിന് നേതൃത്വം നല്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച് അസി. കമ്മീഷണര്‍ സി ഡി ശ്രീനിവാസന് പറഞ്ഞു. ജൂലൈ 31 നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ നൗഷാദിനെ ചാവക്കാട്ട് വച്ച് ബൈക്കിലെത്തിയ സംഘം വെട്ടി കൊന്നത്.
പിന്നീട് എസ്ഡിപിഐ പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷനത്തിലാണ് നാലാംകല്ല് സ്വദേശി മുബീന് പിടിയിലായത്. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഫെബീറിനെ പിടികൂടിയത്.
Discussion about this post