ആലപ്പുഴ : സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരനെതിരെ അമ്പലപ്പുഴ എംഎല്‍എ എച്ച് സലാം രംഗത്ത്. സുധാകരന്റെ ഭാഗത്തുനിന്നും ഉണ്ടായ മോദി പ്രശംസ തന്നെ അത്ഭുതപ്പെടുത്തിയെന്ന് എച്ച് സലാം വ്യക്തമാക്കി. ഒരു പാർട്ടിയിൽ നിന്നുകൊണ്ട് ആ പാർട്ടിക്ക് എതിരായും എതിരാളിക്ക് ഗുണം ഉണ്ടാക്കുന്ന രീതിയിലും ഉള്ള വർത്തമാനവും പൊളിറ്റിക്കൽ ക്രിമിനലിസം ആണെന്ന് സലാം അഭിപ്രായപ്പെട്ടു. പാര്‍ട്ടി അംഗത്വത്തിന് നിരക്കാത്ത രീതിയിലുള്ള സംസാരങ്ങളാണ് ഇപ്പോൾ സുധാകരന്റ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും എച്ച് സലാം മാദ്ധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജി സുധാകരൻ പൊളിറ്റിക്കൽ ക്രിമിനലുകളുടെ കയ്യിലാണ് ആലപ്പുഴയിലെ മാദ്ധ്യമങ്ങൾ എന്ന പ്രസ്താവന നടത്തിയിരുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ ആലപ്പുഴയിലെ തോൽവിയെ കുറിച്ചും സുധാകരൻ രൂക്ഷമായി വിമർശിച്ചു. ബിജെപിയിൽ അഴിമതിക്കാർ ഉണ്ടായിരുന്നില്ല എന്നും മോദി ശക്തനായ ഭരണാധികാരിയാണ് എന്നും ജി സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു. ഇതിനെതിരായിട്ടായിരുന്നു എച്ച് സലാം പ്രതികരിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിൽ സുധാകരന് സീറ്റ് ലഭിക്കാത്തത് കൊണ്ടാണ് അദ്ദേഹം പാർട്ടിക്കെതിരെ പലതവണയായി രംഗത്ത് എത്തുന്നത് എന്നും സലാം സൂചിപ്പിച്ചു.
കെ ആർ ഗൗരിയമ്മ പാർട്ടി വിട്ടപ്പോഴായിരുന്നു ആലപ്പുഴ ജില്ലയിൽ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന് വലിയ ആഘാതം ഉണ്ടായത്. എന്നാൽ അതിനെയും പാർട്ടി അതിജീവിച്ചു. ജി സുധാകരൻ നല്ല നേതാവും ആലപ്പുഴ ജില്ലയ്ക്ക് നല്ല സംഭാവന നൽകിയ ആളുമാണ്. എന്നാൽ കഴിഞ്ഞ കുറച്ചുകാലമായി പാർട്ടി മെമ്പർഷിപ്പ് ഉള്ള ഒരാൾ പറയാൻ പാടില്ലാത്ത രീതിയിലുള്ള കാര്യങ്ങളാണ് അദ്ദേഹം പരസ്യമായി പറയുന്നത്. ഏഴു തവണ നിയമസഭയിലേക്ക് മത്സരിച്ചിട്ടുള്ള വ്യക്തിയാണ് ജി സുധാകരൻ. സുധാകരന് ലഭിച്ചതുപോലെ ഒരു പരിഗണന ഗൗരിയമ്മയ്ക്ക് പോലും ലഭിച്ചിട്ടില്ല എന്നും എച്ച് സലാം വ്യക്തമാക്കി.
Discussion about this post