കൊല്ലം : കൊല്ലത്ത് ഇടിമിന്നലേറ്റ് അപകടം. രണ്ട് സ്ത്രീകൾ മരിച്ചു. കൊല്ലം പുനലൂർ മണിയാറിൽ ആണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളാണ് ഇടിമിന്നൽ ഏറ്റു മരിച്ചത്. സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടയിൽ ആയിരുന്നു അപകടമുണ്ടായത്. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മിന്നലേറ്റ് മരിച്ചത്.
അതേസമയം എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്ത് വെച്ച് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. തോപ്പുംപടി സ്വദേശി സിബി ജോർജ് എന്ന മത്സ്യത്തൊഴിലാളിക്കാണ് പരിക്കേറ്റത്. മിന്നൽ ഏറ്റതിനെ തുടർന്ന് ഇദ്ദേഹത്തിന്റെ വള്ളം തകരുകയും ചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ കണ്ണൂരിലും ഇടിമിന്നലേറ്റ് അപകടമുണ്ടായിരുന്നു. കണ്ണൂർ തോട്ടടയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാടുകൾ സംഭവിച്ചു. തോട്ടടയിൽ ഗംഗാധരൻ എന്ന വ്യക്തിയുടെ വീടിന്റെ ഭിത്തിയും ജനാലയും ഇടിമിന്നലിൽ തകർന്നു.







