ഹൂസ്റ്റൺ: അടുത്ത മാസം അമേരിക്കയിലെ ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിലേക്ക് മൂന്നാഴ്ചയ്ക്കിടെ അപേക്ഷിച്ചിരിക്കുന്നത് അമ്പതിനായിരം പേർ.
അമേരിക്കയിലെ ടെക്സാസ് ഇന്ത്യൻ ഫോറമാണ് ‘ഹൗഡി മോഡി’ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ സംഘാടകർ. അമേരിക്കൻ സംസ്കാരത്തിന് ഇന്ത്യയുടെ സംഭാവനയും ഇന്ത്യൻ വംശജരായ അമേരിക്കക്കാരുടെ ചരിത്രവും വിശകലനം ചെയ്യുന്ന സംവാദ സദസ്സിനെയാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുക.
അമ്പതിനായിരം പേർ പങ്കെടുത്താൽ ചരിത്രത്തിൽ ഒരിന്ത്യൻ പ്രധാനമന്ത്രിക്ക് അമേരിക്കയിൽ ലഭിക്കുന്ന ഏറ്റവും വലിയ സ്വീകരണമായി അത് രേഖപ്പെടുത്തപ്പെടും.
സെപ്റ്റംബർ 22ന് എൻ ആർ ജി സ്റ്റേഡിയത്തിലാണ് പരിപാടി. നരേന്ദ്ര മോദിയുടെ ടെക്സാസ് സന്ദർശനത്തെ സ്വാഗതം ചെയ്യുന്നതായി ടെക്സാസ് സെനറ്റർ ജോൺ കോർനിൻ അറിയിച്ചു. അമേരിക്കയുടെ നിർണ്ണായകമായ സാമ്പത്തിക- പ്രതിരോധ പങ്കാളിയാണ് ഇന്ത്യയെന്നും മോദിയുടെ സന്ദർശനം ആ കാരണം കൊണ്ടു തന്നെ വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ അമേരിക്കൻ സംസ്കാരങ്ങളുടെ സമന്വയ വേദിയായിരിക്കും സെപ്റ്റംബർ 22ന് ടെക്സാസെന്ന് പരിപാടിയുടെ സംഘാടകനായ ജുഗൽ മലാനി പറഞ്ഞു.
Discussion about this post