പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ‘ഫിറ്റ് ഇന്ത്യ മൂവ്മെന്റി’ന് തുടക്കം കുറിക്കും. ശാരീരിക പ്രവർത്തനങ്ങളും, കായിക വിനോദങ്ങളും പൗരന്മാരുടെ ദൈനം ദിന ജീവിതത്തിന്റെ ഭാഗമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കായിക ദിനത്തിൽ പുതിയ പരിപാടിയ്ക്ക് തുടക്കമിടുന്നത്.
ഇന്ദിരഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലാണ് പരിപാടി. പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുകയും,ഫിറ്റ്നസ് പ്രതിജ്ഞ എടുക്കുകയും ചെയ്യും. രാവിലെ 10 മുതൽ 11 വരെ ദൂരദർശനിൽ പരിപാടി സംപ്രേക്ഷണം ചെയ്യും. പ്രധാനമന്ത്രിയുടെ റേഡിയോ പരിപാടിയായ മൻ കി ബാത്തിൽ ഫിറ്റ് ഇന്ത്യ മൂവ്മെന്റിനെ കുറിച്ച് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ചെറുപ്പക്കാർക്കും, കുട്ടികൾക്കും, സ്ത്രീകൾക്കും, മുതിർന്നവർക്കും ഒരു പോലെ ഇതിൽ പങ്കെടുക്കാനാകും.
ബുധനാഴ്ച യു.ജി.സി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരടും, വിദ്യാർത്ഥികളോടും നടക്കാൻ ആവശ്യപ്പെട്ടു. ഇത് ദിനചര്യയുടെ ഭാഗമാക്കാനും നിർദ്ദേശിച്ചു. ഫിറ്റ് ഇന്ത്യ മൂവ്മെന്റിന്റെ ഉദ്ഘാടന ചടങ്ങ് വിദ്യാർത്ഥികളും അധ്യാപകരും തത്സമയം കാണണമെന്നും യു.ജിസി നിർദ്ദേശിച്ചു. യു.ജി.സിയുടെ സർക്കുലർ അനുസരിച്ച് ഫിറ്റ്നെസ് പ്ലാൻ തയ്യാറാക്കാനും നടപ്പാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. സ്പോർട്സ്, വ്യായാമം എന്നിവ ദൈനംദിനം ക്യാമ്പസിൽ ഉൾപ്പെടുത്താനും ഇൻസ്റ്റിറ്റ്യൂട്ടുകൾക്ക് നിർദ്ദേശം നൽകി.
സി.ബി.എസ്.ഇ സ്കൂളുകളും പ്രധാനമന്ത്രിയുടെ പരിപാടി തത്സമയം വിദ്യാർത്ഥികളെ കാണിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ത്യയിലെ വ്യവസായികൾ, കായിക താരങ്ങൾ, സിനിമ താരങ്ങൾ എന്നിവർ ഫിറ്റ് ഇന്ത്യ മൂവ്മെന്റിൽ പിന്തുണ നൽകുകയും പ്രതിജ്ഞ എടുക്കുകയും ചെയ്യും.
കായിക മന്ത്രാലയം, എച്ച്ആർഡി മന്ത്രാലയം, പഞ്ചായത്തിരാജ് മന്ത്രാലയം, ഗ്രാമവികസന മന്ത്രാലയം എന്നിവയുൾപ്പടെ 11 ലധികം മന്ത്രാലയങ്ങൾ എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.
Discussion about this post