ചന്ദ്രയാന്‍ രണ്ട് ദൗത്യം പരാജയമല്ലെന്നും അതുവഴിയുണ്ടായ നേട്ടങ്ങൾ രാജ്യത്തിന് അഭിമാനകരമാണെന്നും ഇന്ത്യക്കാരനായ ആദ്യ ബഹിരാകാശ സഞ്ചാരി രാകേഷ് ശര്‍മ. വലിയമല ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സ്പെയ്സ് സയൻസ് ആൻഡ് ടെക്നോളജിയിൽ എ.പി.ജെ. അബ്ദുൽ കലാം സ്മാരക പ്രഭാഷണം നടത്താനെത്തിയതായിരുന്നു അദ്ദേഹം.
ലാന്‍ഡറിന്റെ അവസാന മിനിറ്റുകളിലെ വിവരങ്ങള്‍ വിശകലനം ചെയ്യുകയാണ് ഇപ്പോള്‍വേണ്ടത്. സുരക്ഷിത സാങ്കേതിക വിദ്യ ഉറപ്പാക്കിയശേഷം മനുഷ്യനെ ബഹിരാകാശത്തിലെത്തിക്കാന്‍ ഗഗൻയാൻ ദൗത്യത്തിലൂടെ ഐ.എസ്.ആര്.ഒക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
അത്ഭുതകരമായ ദൗത്യമായിരുന്നു ചന്ദ്രയാൻ രണ്ട്. ഇത് രാജ്യത്തെ ഒന്നിപ്പിച്ചു നിർത്തി. പുലർച്ച നാലിനാണ് അന്ന് ഞാൻ ഉറങ്ങാൻ പോയത്. നേടിയ നേട്ടത്തിൽ നാമെല്ലാം അഭിമാനിക്കുന്നു.
അവസാന സെക്കൻഡുകളിൽ എന്ത് സംഭവിച്ചുവെന്ന് സൂക്ഷ്മമായി പരിശോധിക്കണം. വിവരങ്ങൾ പൂർണമായും ലഭ്യമായിട്ടില്ല. അത് ഏതൊരു ഗവേഷണത്തിന്റെയും ഭാഗമാണ്. നിരാശപ്പെടേണ്ടതില്ല. ബഹിരാകാശത്തേക്കുള്ള ഇന്ത്യയുടെ ദൗത്യം ഒരു യാത്രകൊണ്ട് അവസാനിക്കുന്നതാകരുതെന്നും അദ്ദേഹം പറഞ്ഞു.
ഐഐഎസ് ടി വിദ്യാർഥികളുമായി രാകേഷ് ശർമ സംസാരിച്ചു. ബഹിരാകാശത്ത് എത്തിയ താൻ ആദ്യമായി കണ്ടത് മാതൃരാജ്യത്തെയാണെന്നും മൂന്ന് ഭാഗവും സമുദ്രത്താൽ ചുറ്റപ്പെട്ട കാഴ്ച മനോഹരമായിരുന്നെന്നും വിദ്യാർഥികളുടെ ചോദ്യത്തിന് ഉത്തരമായി അദ്ദേഹം പറഞ്ഞു.
Discussion about this post