ഡല്‍ഹി നിയമലംഘനം നടത്തി നിര്‍മ്മിച്ച മരട് ഫ്ലാറ്റുകള്‍ പൊളിക്കണമെന്ന വിധി നടപ്പാക്കാത്തതിന് സുപ്രീം കോടതിയില്‍ മാപ്പപേക്ഷിച്ച് ചീഫ് സെക്രട്ടറി ടോം ജോസ്. മരട് കേസിലെ സുപ്രീംകോടതി വിധി ലംഘിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ഏതെങ്കിലും പ്രവൃത്തി അനുചിതമായി തോന്നിയെങ്കില്‍ മാപ്പപേക്ഷിക്കുന്നു എന്നും ചീഫ് സെക്രട്ടറി അറിയിച്ചു. നേരിട്ടു ഹാജരാകുന്നതില്‍നിന്നു ഒഴിവാക്കണം എന്നും ചീഫ് സെക്രട്ടറി കോടതിയില്‍ ബോധിപ്പിച്ചു. കോടതി വിധി പ്രകാരമുളള നടപടി എടുക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ചീഫ് സെക്രട്ടറി അറിയിച്ചു.
ഇതിനിടെ കേരള ഹൈക്കോടതിയിലും കേസില്‍ തിരിച്ചടി നേരിട്ടു. മരട് ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീം കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ ഉത്തരവുകള്‍ ഹാജരാക്കാന്‍ നിര്‍ദേശിച്ചു. മരട് ഫ്ലാറ്റ് ഉടമകളുടെ ഹര്‍ജി പരിഗണിക്കുന്നതു ഹൈക്കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റി.
കേസിൽ തുടർ നിയമനടപടികളുടെ കാര്യത്തിൽ കൃത്യമായ വഴി സര്‍ക്കാരിനു മുന്നില്‍ തെളിഞ്ഞിട്ടില്ല. ഡൽഹിയിൽ മുതിർന്ന നിയമജ്ഞരുടെ മാർഗനിർദേശം തേടുന്നതു തുടരുകയാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കേസിൽ കക്ഷി ചേരണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുമായി ചർച്ച നടത്തിയെങ്കിലും അദ്ദേഹം നിസഹായാവസ്ഥ അറിയിച്ചു. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇളവുകൾ നൽകണമെന്ന കേരളത്തിന്റെ ആവശ്യവും അംഗീകരിച്ചിട്ടില്ല.
Discussion about this post