വാഷിംഗ്ടൺ: ഞായറാഴ്ച നടക്കാനിരിക്കുന്ന ‘ഹൗഡി മോഡി‘ പരിപാടിയിലേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വാഗതം ചെയ്ത് അമേരിക്കൻ ഡമോക്രാറ്റിക് പാർട്ടി നേതാവ് തുളസി ഗബ്ബാർഡ്.
പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നതോടൊപ്പം പരിപാടിയിൽ പങ്കെടുക്കാൻ കഴിയാത്തതിന് അദ്ദേഹത്തോട് ക്ഷമാപണം നടത്തുന്നതായും അവർ പറഞ്ഞു. നേരത്തെ തയ്യാറാക്കിയ ഷെഡ്യൂൾ പ്രകാരം തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ ഉള്ളതു കൊണ്ടാണ് പങ്കെടുക്കാൻ പറ്റാത്തതെന്നും തുളസി ഗബ്ബാർഡ് വ്യക്തമാക്കി. അമേരിക്കൻ പാർലമെന്റ് അംഗങ്ങളും അമേരിക്കയിലെ ഇന്ത്യൻ സമൂഹവും പങ്കെടുക്കുന്ന ഹൗഡി മോഡി പരിപാടി ചരിത്രപരമായിരിക്കുമെന്നും അവർ അഭിപ്രായപ്പെട്ടു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഏഷ്യ പെസഫിക് മേഖലയിലെ അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയാണ്. കാലാവസ്ഥാ വ്യതിയാനം, ആണവ നിരായുധീകരണം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്നത് ലോകത്തിന് ശക്തമായ സന്ദേശം നൽകാൻ ഉപകരിക്കും. വാണിജ്യ സഹകരണം ഇരു രാഷ്ട്രങ്ങളിലെയും ജനതയുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താൻ ഉപകരിക്കുമെന്നും ഗബ്ബാർഡ് അഭിപ്രായപ്പെട്ടു.
‘വസുധൈവ കുടുംബകം‘ എന്നാൽ ലോകം ഒരു കുടുംബമാണ് എന്നാണ്. വളർച്ച, അവസര സമത്വം, ശാസ്ത്രം, ആരോഗ്യ മേഖല, പരിസ്ഥിതി, സുരക്ഷ, ഭീകരവിരുദ്ധത എന്നീ മേഖലകളിൽ ഇന്ത്യയും അമേരിക്കയും ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറായാൽ വസുധൈവ കുടുംബകമെന്ന നമ്മുടെ ആശയത്തിന് ലോകമാതൃകയാകാൻ സാധിക്കും. ഈ ലോകം ഒരു കുടുംബമാണ്. ഇവിടെ വെറുപ്പിനും അജ്ഞതയ്ക്കും മുൻവിധികൾക്കും സ്ഥാനമില്ല. വംശ വർണ്ണ വർഗ്ഗ മത ഭേദമില്ലാതെ, സാമ്പത്തിക രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് അതീതമായ സമത്വമാണ് ഇന്ത്യൻ സംസ്കാരം ഉദ്ഘോഷിക്കുന്നത്. ഇന്ത്യൻ സംസ്കാരവുമായും അമേരിക്കൻ ചിന്താധാരയുമായും അഭേദ്യമായ ബന്ധമാണ് നിലനിൽക്കുന്നതെന്നും തുളസി ഗബ്ബാർഡ് നരേന്ദ്ര മോദിക്കുള്ള തന്റെ സന്ദേശത്തിൽ വ്യക്തമാക്കി.
അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയെയും അഭിസംബോധന ചെയ്യുന്നുണ്ട്. അതിന് മുന്നോടിയായാണ് അദ്ദേഹം ഹൂസ്റ്റണിലെ ഹൗഡി മോഡി പരിപാടിയിൽ പങ്കെടുക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പും പരിപാടിയിൽ പങ്കെടുക്കും.
Discussion about this post