ഡൽഹി: ഹിന്ദി വിഷയത്തിൽ നിലപാട് വ്യക്തമാക്കി സിപിഎം എം പി എ.എം
ആരിഫ്. പാര്‍ലമെന്റില്‍ ഇംഗ്ലീഷ് പറഞ്ഞിട്ട് കാര്യമില്ലെന്നും ഇനി ഹിന്ദി പഠിക്കാതെ രക്ഷയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇരു സഭകളിലെയും 95 ശതമാനം പേരും ഹിന്ദിയിലാണ് ചോദ്യം ചോദിക്കുന്നതും മറുപടി പറയുന്നതും. ഹിന്ദിയുമായി കൂടുതല്‍ പൊരുത്തപ്പെട്ടാലേ യഥാര്‍ത്ഥത്തില്‍ പാര്‍ലമെന്റില്‍ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സാധിക്കൂവെന്നും എ.എം ആരിഫ് ഒരു സ്വകാര്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
രാജവിനെ പോലെ നിയമസഭയിൽ ഇരുന്ന താനിപ്പോൾ രാജസദസിലെ പ്രജയായി പോയ അവസ്ഥയിലാണ്. ഹിന്ദി അറിയാതെ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ചെന്നിട്ട് ഒരു കാര്യവുമില്ലെന്നും ആരിഫ് വ്യക്തമാക്കി.
നേരത്തെ ദേശീയ ഹിന്ദി ദിവസത്തിൽ ഹിന്ദി പഠിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് പ്രധാനമന്ത്രിയും അമിത് ഷായും പ്രസ്താവന നടത്തിയിരുന്നു. ഇതിനെ വളച്ചൊടിച്ച് പ്രാദേശിക ഭാഷാ വിരുദ്ധമാക്കാനുള്ള സിപിഎം അടക്കമുള്ള പാർട്ടികളുടെയും ചില മാദ്ധ്യമങ്ങളുടെയും ശ്രമങ്ങൾ അമിത് ഷായുടെ വിശദീകരണത്തോടെ പൊളിഞ്ഞിരുന്നു. ഹിന്ദി പഠിക്കണമെന്ന് പറഞ്ഞാൽ മാതൃഭാഷ മറക്കണമെന്നല്ലെന്നും പ്രസ്താവനകൾ വളച്ചൊടിച്ച് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നവർ മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ജനപിന്തുണ നഷ്ടപ്പെട്ട പ്രതിപക്ഷ പാർട്ടികൾ സമരത്തിൽ നിന്ന് പിന്മാറിയിരുന്നു.
ഈ പശ്ചാത്തലത്തിൽ ഇടത് എം പി എ.എം ആരിഫിന്റെ നിലപാട് ചർച്ചയാകുകയാണ്.
Discussion about this post