ചലച്ചിത്ര പ്രവര്‍ത്തകരടക്കമുള്ള 49 പ്രമുഖ വ്യക്തികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള കോടതി ഉത്തരവിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ഒരു പീറക്കോടതി പോലും ഇങ്ങനെയൊരു കേസ് അഡ്മിറ്റ് ചെയ്യുമോ എന്നായിരുന്നു അടൂരിന്റെ പ്രതികരണം.
ഈ ഹര്‍ജി കോടതി സ്വീകരിച്ചതിലാണു തനിക്ക് ആശങ്കയെന്നും അടൂര്‍ പറഞ്ഞു ഒരു കോമണ്‍സെന്‍സുള്ള കോടതി ഇങ്ങനെയൊരു കേസ് അഡ്മിറ്റ് ചെയ്യുമോ. കേസ് സ്വീകരിച്ചതു തന്നെ നീതിന്യായ വ്യവസ്ഥയില്‍ സംശയമുണ്ടാക്കുന്ന നടപടിയാണെന്നും അടൂര്‍ കുറ്റപ്പെടുത്തി. ബിഹാറിലെ മുസഫര്‍പുര്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് സൂര്യകാന്ത് തിവാരിയാണ് രാജ്യദ്രോഹക്കുറ്റത്തിന് അടൂര്‍, രാമചന്ദ്രഗുഹ എന്നിവരടങ്ങിയ സംഘത്തിനെതിെ കേസെടുക്കാന്‍ ഉത്തരവിട്ടത്.
അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജയാണു പരാതിക്കാരന്‍. പ്രധാനമന്ത്രിക്കയച്ച കത്ത് രാജ്യത്തിന്റെ പ്രതിച്ഛായയ്ക്കു കളങ്കമുണ്ടാക്കിയെന്നും പ്രധാനമന്ത്രിയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിച്ചെന്നും ആരോപിച്ചാണു സുധീര്‍ കുമാര്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഒരു അനീതി നടക്കുന്നു എന്നു കണ്ടിട്ടാണു കത്തെഴുതിയത്. കത്തെഴുതിയ 49 പേരില്‍ ആരും രാഷ്ട്രീയക്കാരല്ല. രാജ്യത്തു ജനാധിപത്യം നിലനില്‍ക്കുന്നു എന്ന വിശ്വാസത്തിലാണു കത്തെഴുതിയതെന്നും അടൂര്‍ വിശദീകരിക്കുന്നു.
എഴുത്തുകാരന്‍ രാമചന്ദ്ര ഗുഹ, സംവിധായകരായ മണിരത്‌നം, അടൂര്‍ ഗോപാലകൃഷ്ണന്‍, അനുരാഗ് കശ്യപ്, ചലച്ചിത്ര പ്രവര്‍ത്തകരായ രേവതി, അപര്‍ണാ സെന്‍ തുടങ്ങി വിവിധ മേഖലകളിലെ 49 പ്രമുഖ വ്യക്തികള്‍ കത്തില്‍ ഒപ്പിട്ടിരുന്നു. രാജ്യദ്രോഹമുള്‍പ്പടെയുള്ള വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ജയശ്രീറാം പോര്‍വിളിയായി മാറി എന്നായിരുന്നു ഇവരുടെ ആരോപണം. ഇതിനെതിരെ ഹിന്ദു സംഘടനകളും രംഗത്തെത്തി. ഇവര്‍ പ്രധാനമന്ത്രിക്കെതിരെ എഴുതിയ കത്തിന് ബദലായി സിനിമ-സാഹുത്യ രംഗത്തെ അന്‍പതിലധികം പേര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.
Discussion about this post