ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച ആർക്കെതിരെയും കേന്ദ്രസർക്കാർ കേസെടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കർ. പ്രധാനമന്ത്രിക്ക് കത്തയച്ച 49 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് കോടതിയുടെ നിർദ്ദേശപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേസ് എടുത്ത സംഭവവുമായി കേന്ദ്ര സർക്കാരിന് യാതൊരു ബന്ധവുമില്ല. വിഷയവുമായി ബന്ധപ്പെട്ട് ഒരു വ്യക്തി കോടതിയെ സമീപിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പരാതി പ്രകാരം കോടതിയാണ് കേസ് എടുക്കാൻ നിർദ്ദേശിച്ചത്. മന്ത്രി പറഞ്ഞു.
ആൾക്കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചവർക്കെതിരെ ജൂലൈ 27നാണ് ബിഹാറിലെ കോടതിയിൽ ക്രിമിനൽ പരാതി സമർപ്പിക്കപ്പെട്ടത്. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് സൂര്യകാന്ത് തിവാരിക്ക് മുന്നിൽ ബിഹാർ സ്വദേശിയായ അഭിഭാഷകൻ സുധീർ കുമാർ ഓജയാണ് പരാതി നൽകിയത്. രാജ്യദ്രോഹവുമായി ബന്ധപ്പെട്ട സെക്ഷൻ 124എ, ദേശീയോദ്ഗ്രഥനത്തിന് ഭംഗം വരുത്തുന്ന 153 ബി, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ 290, മതവികാരം വ്രണപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ 297, ബോധപൂർവ്വം അപമാനിക്കാൻ ശ്രമിക്കൽ (സെക്ഷൻ 504) എന്നീ വകുപ്പുകൾ പ്രകാരമാണ് പരാതി.
കത്തെഴുതിയവർ രാജ്യത്തിന്റെ അഖണ്ഡതയെ ചോദ്യം ചെയ്തിരിക്കുന്നതായും വിദേശ രാജ്യങ്ങളിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് ഭംഗം വരുത്താൻ ശ്രമിച്ചിരിക്കുന്നതായും പരാതിക്കാരൻ ആരോപിക്കുന്നു. വിഘടനവാദികളുമായി ചേർന്ന് ബുദ്ധിജീവി ചമയുന്ന ഒരു വിഭാഗം രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതായും അതിനാൽ സി ആർ പി സി സെക്ഷൻ 156(3) കൂടി ഇവർക്കെതിരെ ചുമത്തണമെന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു.
‘ജയ് ശ്രീറാം’ എന്ന വചനം പ്രകോപനപരമായും യുദ്ധപ്രഖ്യാപനമായും ബുദ്ധിജീവികൾ എന്ന് അവകാശപ്പെടുന്നവർ ചിത്രീകരിച്ചിരിക്കുന്നതായും പരാതിക്കാരനായ സുധീർ കുമാർ ഓജ വ്യക്തമാക്കുന്നു.
ചലച്ചിത്ര സംവിധായകരായ അടൂർ ഗോപാലകൃഷ്ണൻ, മണി രത്നം, രേവതി, ശുഭ മുദ്ഗൽ, കങ്കണ സെൻ ശർമ്മ, ശ്യാം ബെനഗൽ, അനുരാഗ് കാശ്യപ്, തുടങ്ങി 49 പേർ ഒപ്പിട്ട കത്താണ് പ്രധാനമന്ത്രിക്ക് സമർപ്പിക്കപ്പെട്ടിരുന്നത്. എന്നാൽ രാജ്യത്തെ ദളിതരും ന്യൂനപക്ഷങ്ങളും സന്തുഷ്ടരാണെന്നും ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഞെട്ടൽ മാറാത്ത ചിലരാണ് ഒറ്റപ്പെട്ട സംഭവങ്ങളെ വർഗ്ഗീയവത്കരിക്കാൻ ശ്രമിക്കുന്നതെന്നും കേന്ദ്രസർക്കാർ മറുപടി നൽകിയിരുന്നു.
Discussion about this post