കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയിലെ മുഖ്യപ്രതി ജോളി തയ്യാറാക്കിയ വ്യാജ ഒസ്യത്തിൽ ഒപ്പിട്ടത് താൻ തന്നെയെന്ന് സമ്മതിച്ച് സിപിഎം നേതാവ് മനോജ്. എൻ ഐ ടി ലക്ചററാണ് താനെന്ന് ജോളി പറഞ്ഞിരുന്നു. ജോളിയുമായി 12 വർഷമായുള്ള പരിചയമാണെന്നും മനോജ് പറഞ്ഞു.
എന്നാൽ വ്യാജ ഒസ്യത്താണെന്ന് അറിയാതെയാണ് ഒപ്പിട്ടതെന്നും മുദ്രപത്രത്തിലല്ല, വെള്ള കടലാസിലാണ് ഒപ്പിട്ടതെന്നും മനോജ് പറഞ്ഞു. ജോളി തന്നെ ചതിച്ചതാണെന്നും മനോജ് സ്വകാര്യ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.
സിപിഎം കട്ടാങ്ങൽ ലോക്കൽ കമ്മിറ്റി അംഗമാണ് മനോജ്. പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തിയതിന് ഇയാളെ പുറത്താക്കിയതായി സിപിഎം അറിയിച്ചിരുന്നു. പണം വാങ്ങി ഒസ്യത്തിൽ വ്യാജ ഒപ്പിട്ടതുമായി ബന്ധപ്പെട്ടാണ് മനോജ് അന്വേഷണം നേരിടുന്നത്.
അതേസമയം ജോളിയിൽ നിന്ന് പണം വാങ്ങിയതായി മുസ്ലീം ലീഗ് പ്രാദേശിക നേതാവ് ഇമ്പിച്ചി മൊയ്തീൻ സമ്മതിച്ചു. വ്യാജ ഒപ്പിട്ട് ജോളി കൈക്കലാക്കിയ ഭൂമിയുടെ നികുതി അടയ്ക്കാൻ താൻ പോയിരുന്നതായും ഇയാൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. രണ്ടര വർഷം മുൻപ് ജോളിയുടെ പക്കൽ നിന്നും അമ്പതിനായിരം രൂപ കടം വാങ്ങിയിരുന്നതായും ഇമ്പിച്ചി മൊയ്തീൻ പറഞ്ഞു.
Discussion about this post