സിസ്റ്റർ അഭയ കേസിലെ രണ്ടാംഘട്ട സാക്ഷി വിസ്താരം ഇന്ന് തുടരും. തിരുവനന്തപുരം സിബിഐ കോടതിയിലാണ് വിചാരണ. രാജു നമ്പൂതിരി, ക്രൈംബ്രാഞ്ച് മുൻ ഹെഡ് കോൺസ്റ്റബിൾ ശങ്കരൻ എന്നീ സാക്ഷികളെയാകും ഇന്ന് വിസ്തരിക്കുക. ഒക്ടോബർ 26ാം തിയതി വരെയാണ് രണ്ടാംഘട്ട വിസ്താരം. ആദ്യഘട്ട വിസ്താരത്തിൽ ആറുപേർ കൂറുമാറിയിരുന്നു. എട്ടു പേരാണ് പ്രോസിക്യൂഷന് അനുകൂലമായ മൊഴി നൽകിയത്.
അതേസമയം സിസ്റ്റർ അഭയ കേസിൽ തൊണ്ടിമുതൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തിരികെ വാങ്ങിയെന്ന് കോടതി മുൻ ജീവനക്കാരന് മൊഴിനല്‍കി. കോട്ടയം ആർഡിഒ കോടതിയിലെ യുഡി ക്ലാർക്കായിരുന്ന ദിവാകരൻ നായരാണ് തിരുവനന്തപുരം സിബിഐ കോടതിയില്‍ മൊഴി നല്‍കിയത്. അഭയയുടെ ഡയറി ഉൾപ്പെടെ എട്ട് തൊണ്ടിമുതൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ തിരികെ വാങ്ങിയെന്നും ഇവ കോടതിയിൽ രേഖാമൂലം തിരികെ നൽകിയില്ലെന്നുമാണ് കോടതി മുൻ ജീവനക്കാരൻ മൊഴി നല്‍കിയിരിക്കുന്നത്.
കേസിലെ സാക്ഷി പട്ടികയിൽ നിന്നും ചില ഡോക്ടർമാരെ ഒഴിവാക്കണമെന്ന് പ്രതിഭാഗം കോടതിയിൽ നേരത്തെ ആവശ്യപ്പെട്ടിരുന്നു. രണ്ടാം ഘട്ട സാക്ഷി വിസ്താരം ആരംഭിച്ചപ്പോഴായിരുന്നു പ്രതിഭാഗം ആവശ്യവുമായി രംഗത്തത്തിയത്. എന്നാല്‍ സാക്ഷി പട്ടിക സമർപ്പിച്ചപ്പോള്‍ ഉന്നയിക്കാത്ത തർക്കം ഇപ്പോൾ പറയേണ്ട കാര്യമില്ലെന്നായിരുന്നു കോടതി പ്രതിഭാഗത്തോട് പറഞ്ഞത്. ഏതൊക്കെ സാക്ഷികളെ വിസ്തരിക്കണമെന്ന് വിചാരണ കോടതിയുടെ അധികാരമാണെന്നും തിരുവനന്തപുരം സിബിഐ കോടതി പറഞ്ഞു.
Discussion about this post