ഇന്ന് വോട്ടെണ്ണല്‍ നടക്കുന്ന ഹരിയാനയില്‍ ആത്മവിശ്വാസം ബിജെപിയ്ക്ക്. ഹരിയാന ബിജെപി തൂത്തുവാരുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്. ഗ്രൂപ്പ് വഴക്ക് പരിഹരിക്കാന്‍ പോലും കഴിയാത്ത കോണ്‍ഗ്രസ് എത്രത്തോളം താഴേക്കു പോകും എന്നും കണ്ടറിയണമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.
75ല്‍ അധികം സീറ്റുകളോടെ അധികാരത്തില്‍ തിരിച്ചെത്താമെന്ന ബിജെപിയുടെ സ്വപ്നങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതായിരുന്നു മിക്ക എക്സിറ്റ് പോള്‍ ഫലങ്ങളും. ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യയുടെ പ്രവചനം മാത്രമാണ് ഇതിനൊരു അപവാദം. കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം എത്തുമെന്നാണ് ഇന്ത്യടുഡേയുടെ പ്രവചനം.
ലോക്സഭ തിരഞ്ഞെടുപ്പില്‍ പത്തില്‍ പത്തും നേടിയ ബിജെപി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താരപ്രഭയും മുഖ്യമന്ത്രി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ സ്വീകാര്യതയും വോട്ടായി മാറുമെന്നാണ് അവരുടെ പ്രതീക്ഷ. നിര്‍ണായക ശക്തികളായ ജാട്ട് സമുദായത്തിന്റെ വോട്ടുകള്‍ ഭിന്നിക്കപ്പെടുമെന്നുറപ്പുള്ളതിനാല് ജാട്ടിതര വോട്ടുകള്‍ പരമാവധി സ്വന്തം അക്കൗണ്ടിലാക്കുക എന്ന പയറ്റിത്തെളിഞ്ഞ തന്ത്രമാണ് ഇത്തവണയും ബിജെപി പരീക്ഷിച്ചിട്ടുള്ളത്.
75ല്‍ അധികം സീറ്റെന്ന മോഹത്തിന് കരുത്തേകുന്ന ഒരു വസ്തുതയും ഇതുതന്നെ. എക്സിറ്റ്പോളുകള് കൂടി വന്‍വിജയം പ്രഖ്യാപിച്ചതോടെ വര്‍ധിച്ച വീര്യത്തിലാണ് ബിജെപി. തൂക്കു മന്ത്രിസഭ പ്രവചിക്കുന്ന ഇന്ത്യടുഡേ പ്രവചനം പോലും ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപിയെയാണ് കാണുന്നത്.
പ്രചാരണരംഗത്തെ ഏകപക്ഷീയമായ മുന്‍തൂക്കം സീറ്റുകളിലും പ്രതിഫലിക്കുമെന്ന് ഉറച്ചു വിശ്വസിക്കുമ്പോഴും മറിച്ചൊരു അവസ്ഥ സംജാതമായാലും അത് മറികടക്കാന്‍ കണക്കിലെ ഈ മുന്‍തൂക്കം സഹായകരമാകുമെന്ന വിലയിരുത്തലും ബിജെപിക്ക് ഉണര്‍വ് പകരുന്നു,
Discussion about this post