കൊൽക്കത്ത: പശ്ചിമബംഗാളിൽ യുവതിയെയും യുവാവിനെയും നടുറോഡിൽ ക്രൂരമായി ആൾക്കൂട്ടമർദ്ദനത്തിനിരയാക്കിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ മുഖ്യപ്രതിപക്ഷമായ ബിജെപി രംഗത്തെത്തി. പ്രതിഷേധം ശക്തമായതോടെ സംഭവത്തെ ന്യായീകരിക്കുകയാണ് തൃണമൂൽ എംഎൽഎയായ ഹമീദുർ റഹ്മാൻ. യുവതിയുടെ പ്രവൃത്തികൾ സമൂഹത്തിൻ്റെ അത്തസത്തയ്ക്ക് നിരക്കാത്തതാണെന്നും മുസ്ലീം രാഷ്ട്രമനുസരിച്ച് ഇവിടെ ചില നിയമങ്ങളും നീതിയുമുണ്ടെന്നും റഹ്മാൻ പറയുന്നു.
ആ സ്ത്രീ സമൂഹത്തെ നശിപ്പിക്കുകയായിരുന്നു, അതിനാൽ ഗ്രാമവാസികൾ നടപടിയെടുത്തു. അവർ ചെയ്തത് അൽപ്പം അധികമാണ്, . ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികളാണ് ഞങ്ങൾ ഇപ്പോൾ സ്വീകരിക്കുന്നത്. ഭർത്താവിൻ്റെ അസാന്നിദ്ധ്യത്തിൽ ദുഷ്പപ്രവർത്തി ചെയ്ത സ്ത്രീയെ പാഠം പഠിപ്പിക്കുകയായിരുന്നുവെന്നും എംഎൽഎ ന്യായീകരിക്കുന്നു. പ്രതികരണത്തിനിടെ മുസ്ലീം രാഷ്ട്രം എന്ന് വിശേഷിപ്പിച്ചത് വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഉത്തർ ദിനാജ്പുർ ജില്ലയിലെ ചോപ്രയിലാണ് ആൾക്കൂട്ടാക്രമണം നടന്നത്. പശ്ചിമ ബംഗാളിലെ മമതാ ബാനർജിയുടെ ഭരണത്തിന്റെ വൃത്തികെട്ട മുഖമാണിത്. ഒരു സ്ത്രീയെ നിഷ്‌കരുണം മർദ്ദിക്കുന്നതിന് നേതൃത്വം നൽകുന്ന ആൾ, തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവും ചോപ്ര എംഎൽഎ ഹമീദുർ റഹ്‌മാന്റെ അടുത്ത അനുയായിയുമായ തജ്മുൽ ആണെന്ന് ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ എക്സിൽ കുറിച്ചു.പശ്ചിമ ബംഗാളിലെ എല്ലാ ഗ്രാമങ്ങളിലും സന്ദേശ്ഖാലി ഉണ്ടെന്നും മുഖ്യമന്ത്രി മമത ബാനർജി സ്ത്രീകൾക്ക് ശാപമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം പുറത്തുവന്ന വീഡിയോയിൽ യുവതിയെയും യുവാവിനെയും അടിക്കുകയും ചവിട്ടുകയും ചെയ്യുന്നത് വ്യക്തമാണ്. വിവാഹേതരബന്ധം ആരോപിച്ചാണ് മർദ്ദനമത്രയും. അടി കൊണ്ട് ബോധരഹിതയായ സ്ത്രീയെ തലമുടിയിൽ പിടിച്ച് വലിച്ചിഴക്കുന്നതും വീഡിയോയിൽ കാണാം. സംഭവത്തിൽ പശ്ചിമ ബംഗാൾ പോലീസ് ഞായറാഴ്ച കേസ് രജിസ്റ്റർ ചെയ്യുകയും തജ്മുലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
Discussion about this post