അറബിക്കടലിലെ തീവ്ര ന്യൂനമർദ്ദം ‘മഹാ’ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ കാറ്റും മഴയും തുടരും. 40 മുതൽ 50 കീലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്്. കേരള തീരത്ത് ശനിയാഴ്ച വരെ മീൻപിടുത്തം പൂർണ്ണമായും നിരോധിച്ചു. എറണാകുളത്ത് തീരദേശ താലൂക്കുകളായ കൊച്ചിയിലും പറവൂരിലും ഇന്ന് പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
കേരളം ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തിലില്ലെങ്കിലും അതിന്റെ പ്രഭാവം കേരളത്തിൽ ഉണ്ടാകും.ശനിയാഴ്ച ചുഴലിക്കാറ്റ് കൂടുതൽ ശക്തി പ്രാപിക്കും. ഇതിന്റെ പ്രഭാവത്തിൽ ശനിയാഴ്ച സംസ്ഥാനത്ത് മണിക്കൂറിൽ 90 കിലോ മീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്.
തിരുവനന്തപുരത്ത് ശക്തമായ കാറ്റിലും മഴയിലും പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണു. ശക്തമായ തിരമാലകൾക്കും കാറ്റിനും സാധ്യതയുള്ളതിനാൽ കടലിൽ പോയ മത്സ്യതൊഴിലാളികൾ ഉടൻ മടങ്ങിയെത്തണമെന്നും നിർദ്ദേശമുണ്ട്.
പൊതുജനങ്ങളും കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ലക്ഷദ്വീപിൽ അതീവ ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. മൂന്നാം തീയതിയോടെ ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ തീരത്ത് മറ്റൊരു ന്യൂനമർദ്ദം രൂപപ്പെടാനും സാധ്യതയുണ്ട്.
Discussion about this post